രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ അന്വേഷണം നിലച്ചു; 2 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചില്ല

തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിലെ അന്വേഷണം നിലച്ചു. അന്വേഷണം പത്ത് മാസത്തിലേറെ പിന്നിട്ടിട്ടും രണ്ട് കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലംമാറ്റിയതോടെ അന്വേഷണവും നടക്കുന്നില്ല.
2025 നവംബർ 28നാണ് രാഹുലിനെതിരെ ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഡിസംബർ 3ന് രണ്ടാമത്തെ കേസ് റജിസ്റ്റർ ചെയ്തു. ഇതരസംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹവാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസുകൾക്ക് പിന്നാലെ രാഹുൽ ഒളിവിൽ പോയി.
മുൻകൂർ ജാമ്യം നേടിയശേഷം പാലക്കാട് എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് മൂന്നാമത്തെ കേസും അറസ്റ്റും ഉണ്ടായത്. ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലായിരുന്നു നടപടി. രാഹുലിന് 17 ദിവസം ജയിലിൽ കഴിയേണ്ടിവന്ന ഈ കേസിൽ മാത്രമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

