നിഹാൽ വീട്ടിൽ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസർകോട്ട് ലോഡ്ജ് മുറിയിൽ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും

കാസർകോട്: കാസർകോട് ബാങ്ക് റോഡിലെ ലോഡ്ജിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയായ അഴീക്കോട് കാപ്പിലെ ടി എം അബ്ദുൽ നിഹാലി(15)നെ ഇന്നലെ വ്യാഴം രാത്രി എട്ടുമണിയോടെയാണ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരമാണ് സ്കൂളിലെ തിരിച്ചറിയൽ കാർഡിൻ്റെ കോപ്പി നൽകി നിഹാൽ ലോഡ്ജിൽ മുറിയെടുത്തത്. ഒരു ദിവസത്തേക്ക് ആണെന്നാണ് മുറിയെടുക്കുമ്പോൾ പറഞ്ഞിരുന്നത്. മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും പുറത്ത് കാണാത്തതിനെ തുടർന്നാണ് ജീവനക്കാരൻ മുറിക്ക് മുന്നിൽ എത്തിയത്. തട്ടി വിളിച്ചിട്ടും അകത്തുനിന്ന് പൂട്ടിയ വാതിൽ തുറന്നില്ല. ജനൽ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറിക്കു കാവൽ ഏർപ്പെടുത്തി.
റൂം എടുത്തത് യുവാവ് ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ കാർഡിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് പത്താം ക്ലാസ് വിദ്യാർത്ഥിയാണെന്ന് മനസ്സിലായത്. നിഹാലിനെ കാണാതായത് സംബന്ധിച്ച് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകുകയും മിസ്സിങ്ങിന് കേസെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് നിഹാലിനെ കാസർകോട്ടെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിവരം അറിഞ്ഞ് സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കൾ ഇന്ന് (വെള്ളി) ഉച്ചയോടെ കാസർകോട് എത്തി. നിഹാലിന്റെ ചേതനയറ്റ ശരീരം കണ്ട് സഹോദരങ്ങൾ പൊട്ടിക്കരഞ്ഞു. ഇവരെ ആശ്വസിപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ നന്നെ പാടുപെട്ടു.

14ന് രാവിലെ 6.15 മണിക്കാണ് നിഹാൽ വീട്ടിൽനിന്ന് ട്യൂഷൻ ക്ലാസിന് പോകാനായി ഇറങ്ങിയത്. ഇറങ്ങും മുമ്പ് മാതാവിന് മുത്തം നൽകിയായിരുന്നു യാത്ര പറഞ്ഞത്. അപ്പോഴൊന്നും മകന് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് നിഹാൽ ട്യൂഷൻ ക്ലാസ്സിലോ, സ്കൂകൂളിലോ എത്തിയില്ലെന്ന് വ്യക്തമായത്. നിഹാൽ പഠിക്കാൻ മിടുക്കനായിരുന്നുവെന്നും എസ് പി സി യിൽ അംഗമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. അതിനാൽ ബന്ധപ്പെടാനും കഴിഞ്ഞില്ല- ബന്ധുക്കൾ പറഞ്ഞു. പിതാവ്: നസീർ: മാതാവ്: നഹ്റത്ത്. സഹോദരങ്ങൾ: നാസിഖ്, നഹാസ്.

