KSDLIVENEWS

Real news for everyone

നെടുമ്പാശേരി കാർ അപകടം: പ്രതി സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്

SHARE THIS ON

കൊച്ചി: നെടുമ്പാശേരിയിൽ 3 പേർ കൊല്ലപ്പെട്ട അപകടം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നോ നാളെയോ പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹയുടെ മൊഴിയെടുത്തേക്കും. സുഹൈലിന്റെ പിറന്നാളിനു വാഹനം വാങ്ങിക്കൊടുത്തതായി നൂഹ സമൂഹമാധ്യമത്തിലൂടെ മുൻപു വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം തേടിയേക്കും.

അതിനിടെ ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും തന്റെ കുടുംബത്തിനും കുറച്ചു സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്നു നൂഹ സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. നഷ്ടപ്പെട്ടതു വിലപ്പെട്ട 3 ജീവനുകളാണ്. മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ല. മരിച്ചവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ പറഞ്ഞു.

ഒക്ടോബർ 11നാണ് അപകടം നടന്നത്. സുഹൈൽ ഓടിച്ച ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക(22) എന്നിവരാണു മരിച്ചത്. 

വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപമായിരുന്നു അപകടം.

error: Content is protected !!