KSDLIVENEWS

Real news for everyone

സൗദിയിൽ മിസൈൽ ആക്രമണം, 6 പേർക്ക് പരുക്ക്; 99 നില റിയാദ് കിങ്ഡം സെന്റർ അടച്ചു

SHARE THIS ON

ദുബായ്: ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ‍ ആക്രമണത്തിൽ സൗദിയിലെ നജ്‌റാനിൽ 6 പേർക്കു പരുക്കേറ്റു. മിസൈൽ ഭാഗങ്ങൾ പതിച്ചാണ് അപകടം. 3 വീടുകൾക്കും 3 വാഹനങ്ങൾക്കും കേടുപാടുണ്ടായി. ഡ്രോൺ ആക്രമണങ്ങൾ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്ഡം സെന്റർ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്. 

ഇന്നലെ റിയാദ് ലക്ഷ്യമിട്ടെത്തിയ 2 ഡ്രോണുകൾ സൗദി സഖ്യസേന വെടിവച്ചിട്ടിരുന്നു. റിയാദിലെയും പരിസരങ്ങളിലെയും സ്കൂളുകളിൽ രണ്ടാഴ്ചയായി ഓൺലൈനിലാണ് ക്ലാസുകൾ. കിങ് ഖാലിദ് വിമാനത്താവളവും അടഞ്ഞുകിടക്കുന്നു. സൗദിയുടെ സൈനിക ഹെലി കോപ്റ്റർ നജ്റാൻ മേഖലയിൽ തകർന്നുവീണ് 2 പേർ മരിച്ചു. സാങ്കേതികത്തകരാറിനെ തുടർന്നാണു തകർന്നതെന്നു സൗദി സേന അറിയിച്ചു. സൈന്യത്തിന്റെ എഎച്ച് 6ഐ ഹെലികോപ്റ്ററാണ് തകർന്നത്. ഹെലികോപ്റ്റർ വെടിവച്ചിട്ടതാണെന്ന ഹൂതികളുടെ അവകാശവാദം സൗദി തള്ളി.

സൗദിയിലെ ഇന്ത്യക്കാർ അതീവജാഗ്രത പാലിക്കണമെന്നും സുരക്ഷാമുന്നറിയിപ്പുകൾ പാലിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. ഹൂതികളെ നേരിടാൻ സൗദിക്ക് എല്ലാസഹായവും നൽകുമെന്ന് ഈജിപ്ത് അറിയിച്ചു. ഈജിപ്ത് പാർലമെന്റ് പ്രത്യേകയോഗം ചേർന്നാണു സംഘർഷം വിലയിരുത്തിയത്. ഇന്ത്യയിൽനിന്നുള്ള ആകാശ എയർ റിയാദ്, ജിദ്ദ വിമാന സർവീസുകൾ 27 വരെ റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ എന്നിവ 24 വരെയുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 

അടിയന്തര യാത്രയ്ക്ക് ഇന്ത്യക്കാർ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ ഇറങ്ങി റോഡ് മാർഗം സൗദിയിൽ എത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഇതിനിടെ യെമനിലെ സാദാ പ്രവിശ്യയിൽ സൗദി നടത്തിയ ബോംബാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ പറഞ്ഞു.

error: Content is protected !!