ഫോട്ടോ പ്രദര്‍ശനം: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ചിത്രങ്ങൾ നീക്കം ചെയ്തെന്ന് പരാതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്ര സംഘടിപ്പിച്ച ചിത്രപ്രദർശനത്തിന് നിയന്ത്രണം. ഡൽഹിയിൽ രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബിക്കാനീർ ഹൗസിലാണ് സംഭവം.
ഡൽഹിയിലെ ബിക്കാനിർ ഹൗസിൽ ഇന്നലെ വൈകിട്ട് 7ന് തുടങ്ങാനിരുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് മണിക്കൂറുകൾ മുൻപ് ഡൽഹിയിലെ യുവജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കിയതായി റെയ്ഹാൻ പറഞ്ഞു. 75 ചിത്രങ്ങൾ മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്നും റെയ്ഹാന്‍ പറഞ്ഞു.
സന്ദർശകർക്കായി നൽകിയ കാറ്റലോഗിൽ ഒഴിവാക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങളും ഉണ്ട്. ഡൽഹി ജന്തർമന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാൻ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റിന്റെ വാദം. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തി.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങൾ രാജ്യത്തെ യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. “അവൻ ഒരു ചെറുപ്പക്കാരനാണ്. രാജ്യമൊട്ടാകെയുള്ള യുവാക്കളുടെ ശബ്ദം അവർ അടിച്ചമർത്തുകയാണ്. ആ ചിത്രങ്ങൾ പ്രക്ഷോഭങ്ങളുടെ കേവലമായ ഒരു ദൃശ്യാവിഷ്കാരം മാത്രമായിരുന്നു. ആരെയെങ്കിലും അധിക്ഷേപിക്കുന്ന രീതിയിലുള്ള ഒന്നും അതിൽ ഉണ്ടായിരുന്നില്ല. ഇത് ജനാധിപത്യമല്ലെന്നതിന്റെ തെളിവാണ്. ഇന്ന് അവനാണെങ്കിൽ നാളെ അത് മറ്റൊരു കലാകാരനായിരിക്കും,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

