KSDLIVENEWS

Real news for everyone

സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല, വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: വിദ്വേഷ യൂട്യൂബര്‍ അമൃത് സിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കേരളം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ഇവിടെ വര്‍ഗീയതയ്ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. അമൃത് സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കുറിച്ചു. ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫോര്‍ട്ട് കൊച്ചി നിറയെ മുസ്ലിംകളാണെന്നും കേരളം അപകടത്തിലാണെന്നുമായിരുന്നു അമൃത് സിങ് എന്ന ഹിന്ദുത്വ വ്‌ലോഗറുടെ വിദ്വേഷ പ്രചരണം. ഫോര്‍ട്ട് കൊച്ചിയിലെ കാശി കഫേയില്‍ നിറയെ ബീഫ് വിഭവങ്ങളാണെന്നും കഫേയ്ക്കുള്ളില്‍ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം ചുവരില്‍ തൂക്കിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു. കാശി ആര്‍ട്ട് കഫേയുടെ പേര് ‘കറാച്ചി ആര്‍ട്ട് കഫേ’ എന്നാക്കണം. കൊച്ചിയിലെ ജനസംഖ്യയും ചുറ്റുപാടുകളും കണ്ട് ഞാന്‍ ശരിക്കും അമ്പരന്നുപോയി. ഫോര്‍ട്ട് കൊച്ചിയില്‍ ഇപ്പോള്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ്. 95% ബിസിനസ് ഉടമകളും, ടാക്സി ഡ്രൈവര്‍മാരും, റിക്ഷാ ഡ്രൈവര്‍മാരും, ചെറിയ കച്ചവടങ്ങള്‍ ചെയ്യുന്നവരും, കമ്മലുകള്‍ വില്‍ക്കുന്നവരും, പങ്ചര്‍ ഒട്ടിക്കുന്നവരും, പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം… എല്ലാവരും മുസ്ലിംകളാണ്, ഇവിടെ എല്ലാവരും മുസ്ലിംകളാണ്! ഇത് അവിശ്വസനീയമാണ്. കേരളത്തില്‍ നടക്കുന്നത് അതീവ അപകടകരമായ കാര്യങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം പൂര്‍ണമായും നഷ്ടപ്പെടും. കേരളം നമ്മുടെ കൈകളില്‍ നിന്ന് പോയിക്കഴിഞ്ഞു. ഇവിടുത്തെ വലതുപക്ഷ ചിന്താഗതിക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇവിടെ തുറന്നു സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല”- തുടങ്ങിയ കാര്യങ്ങളാണ് വ്‌ലോഗര്‍ വീഡിയോയില്‍ പറയുന്നത്.

വ്‌ലോഗറുടെ വിദ്വേഷ പ്രചാരണത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തെ ഭിന്നിപ്പിക്കുന്നതില്‍ പരാജയപ്പെട്ട സംഘ്പരിവാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വ്‌ലോഗര്‍മാരെ നിയോഗിച്ചിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അമൃത് സിങ്ങിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിന്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുക, രണ്ട് മതവിഭാഗങ്ങള്‍ക്കിടയില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു വ്‌ലോഗര്‍ ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും, നമ്മുടെ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാനും, സമൂഹങ്ങളെ ഭിന്നിപ്പിക്കാനും നടത്തിയ സമീപകാല ഇന്‍സ്റ്റാഗ്രാം വീഡിയോ അംഗീകരിക്കാനാവാത്തതാണ്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും. ഭയമോ പക്ഷപാതമോ കൂടാതെ നടപടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. നമ്മുടെ സാമുദായിക സൗഹാര്‍ദ്ദത്തില്‍ തൊടാന്‍ ആരെയും നാം അനുവദിക്കില്ല.’

error: Content is protected !!