പൊലീസ് നടപടിയില്‍ തൃപ്തിയുണ്ട്, ആ അച്ഛനേയും മകനേയും അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം’; ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ഉള്‍പ്പെടെ ജയബാലകൃഷ്ണന്റെ മക്കള്‍ തൃപ്തി രേഖപ്പെടുത്തി. കേസിലെ പ്രതിയായ 17 വയസുകാരന്റെ പിതാവായ ജഡ്ജി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് എല്ലാം കൃത്യമായി വിശദീകരിച്ച പശ്ചാത്തലത്തില്‍ സമരം തത്ക്കാലത്തേക്ക് അവസാനിപ്പിക്കുകയാണെന്ന് കുടുംബം അറിയിച്ചു. ‘ഇത് ഞങ്ങള്‍ അമ്മയുടെ കൂടെയിരിക്കേണ്ട സമയമാണ്. ആത്യന്തികമായി ഞങ്ങളുടെ അച്ഛനെ കൊന്നവന്‍ പിടിയിലാകണമെന്നാണ് ആഗ്രഹിക്കുന്നത്. അവനിപ്പോഴും പുറത്താണ്. ആ അച്ഛനേയും മകനേയും അറസ്റ്റ് ചെയ്യണമെന്നാണ് ഞങ്ങളുടെ ആവശ്യം. ജയബാലകൃഷ്ണന്റെ മക്കള്‍ പറഞ്ഞു.
17 വയസുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനൊപ്പം കുടുംബവും ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കുടുംബം വ്യക്തമാക്കി. അപകടത്തിന്റെ വിവരങ്ങള്‍ പൊലീസ് കൃത്യമായി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കൊളീജിയം ഉള്‍പ്പെടെയുള്ളവ ചേര്‍ന്നെന്നാണ് മനസിലാക്കുന്നത്. ബാക്കിയെല്ലാം ഹൈക്കോടതിയുടെ കൈയിലാണെന്നും കുടുംബം പറഞ്ഞു.

