KSDLIVENEWS

Real news for everyone

അറബ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു: അന്വേഷണം വേണം; നെതന്യാഹു

SHARE THIS ON

തെല്‍ അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ അറബ് പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ അട്ടിമറി നടത്തിയെന്നും വ്യാപകമായ ക്രമക്കേടുകളും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തലും നടന്നെന്നും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ആരോപിച്ചു. പൊലീസും ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും ഇത് അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

അറബ് പാര്‍ട്ടികള്‍ കൈക്കൂലി, ഭീഷണി, അക്രമം, വ്യാജരേഖകള്‍, വോട്ടര്‍മാരെ സംഘടിപ്പിക്കാന്‍ നിരോധിത സോഫ്റ്റ്വെയറിന്റെ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് നെതന്യാഹുവിന്റെ ആരോപണം. പണമടങ്ങിയ കവറുകള്‍ക്കൊപ്പം അറബ് പാര്‍ട്ടിയായ റാം പാര്‍ട്ടിയുടെ ബാലറ്റ് പേപ്പറുകള്‍ കണ്ടെത്തിയെന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയും അക്രമവും ഉണ്ടായെന്നും ലിക്കുഡ് പാര്‍ട്ടി ആരോപിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ക്രമക്കേടുകള്‍ നടന്നതായി പറയുന്ന പോളിങ് സ്റ്റേഷനുകളെക്കുറിച്ചോ ബാധിച്ച വോട്ടുകളുടെ എണ്ണത്തെക്കുറിച്ചോ പാര്‍ട്ടി വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ ചരിത്ര മുന്നേറ്റം സൃഷ്ടിക്കുമെന്ന സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് നെതന്യാഹു ആരോപണം ഉന്നയിച്ചിരിക്കുന്നത്. അറബ് വംശജരുടെ നേതൃത്വത്തിലുള്ള റാം, ജോയിന്റ് ലിസ്റ്റ് പാര്‍ട്ടികള്‍ ചേര്‍ന്ന് ആകെ 19 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

ഇസ്രയേലിലെ അറബ് വംശജര്‍ക്കിടയില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയതാണ് അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം 21 ശതമാനം അറബ് പൗരന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും ഫലസ്തീന്‍ വംശജരാണ്. ഇത്തവണ അറബ് പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം റെക്കോര്‍ഡ് നിലയിലെത്തും. സര്‍ക്കാര്‍ രൂപീകരണത്തിനായി നെതന്യാഹുവിനെ എതിര്‍ക്കുന്ന സഖ്യത്തിന് ഇവരുടെ പിന്തുണ നിര്‍ണായകമാകും.

ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം നെതന്യാഹുവിന്റെ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമായിരിക്കും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സീറ്റ് നില പ്രകാരം നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും, മുഖ്യ എതിരാളികളായ ഗാദി ഐസന്‍കോട്ട് സഖ്യത്തിന് 48 സീറ്റുകളും, അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. 120 അംഗ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 61 സീറ്റുകള്‍ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!