KSDLIVENEWS

Real news for everyone

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ബാങ്കുകൾക്ക് വീഴ്ച പറ്റിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് സുപ്രിംകോടതി

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജാഗ്രതക്കുറവ് വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി സുപ്രിംകോടതി. പണമിടപാടുകളിൽ ആവശ്യമായ പരിശോധനയും ജാഗ്രതയും പുലർത്തുന്നതിൽ വീഴ്ച വരുത്തിയതായി വ്യക്തമായാൽ തട്ടിപ്പിനിരയായവർക്ക് ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ നിർദേശിച്ചേക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്.

ഫഡ്‌നാവിസിനെതിരെ ഷിന്‍ഡെ വിഭാഗം
ഉപഭോക്താക്കൾക്ക് തട്ടിപ്പുകളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്ന കവചമായി പ്രവർത്തിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഇത്തരം തട്ടിപ്പുകൾ നടക്കുമ്പോഴെല്ലാം ഇരകൾക്ക് ബാങ്കുകൾ നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ നടപടികൾ നേരിടണമെന്നും ഉത്തരവിടാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത്. അത് നടപ്പാക്കുക തന്നെ വേണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയെങ്കിലും ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരമായി തിരികെ ലഭിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. വ്യാജരേഖകൾ ചമച്ചുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസാണ് ബെഞ്ച് പരിഗണിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുടെ പൂർണ പട്ടിക അടുത്ത ഹിയറിങ്ങിന് മുമ്പായി സമർപ്പിക്കാൻ റിസർവ് ബാങ്കിനോട് കോടതി നിർദേശിച്ചു. എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന പൊതുനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന സൂചനയും കോടതി നൽകി.

ബോധവൽക്കരണ കാമ്പയിനുകളും മാധ്യമവാർത്തകളും കോടതി ഉത്തരവുകളും നിരന്തരം പുറത്തുവന്നിട്ടും അഭ്യസ്തവിദ്യരായ ആളുകൾ പോലും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ കുടുങ്ങുന്നതിൽ സുപ്രിംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ”ആളുകൾ എന്തുകൊണ്ടാണ് ഇത് തിരിച്ചറിയാത്തതെന്നത് ഞങ്ങളെ ഞെട്ടിക്കുന്നു. ഇരകൾക്ക് എന്താണ് സംഭവിക്കുന്നത്? അവർ സാധാരണക്കാരല്ലേ? മാധ്യമങ്ങളിലൊക്കെ നിരന്തരം വരുന്ന വാർത്തയാണിത്. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഒരാൾക്ക് മൊബൈലിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയുന്നു? ഫോൺ എടുത്ത് ഭിത്തിയിലേക്ക് എറിഞ്ഞാൽ തീരാവുന്നതേയുള്ളൂ ആ അറസ്റ്റ്. മൊബൈലിൽ നിന്നുള്ള അറസ്റ്റിനെ എന്തിനാണ് ഭയക്കുന്നത്? നിങ്ങൾ സ്വയം ഇരകളാവുകയാണ്”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂക്ഷമായി വിമർശിച്ചു.

വിദ്യാഭ്യാസമുള്ള മനുഷ്യർപോലും ഇത്തരം കെണികളിൽ ചെന്നുപെടുന്നത് നിരാശാജനകമാണെന്നും ഇത്തരത്തിൽ തട്ടിപ്പിനിരയായാൽ അടുത്ത തലമുറയ്ക്ക് എന്ത് സന്ദേശമാണ് കൈമാറുന്നതെന്നും കോടതി ചോദിച്ചു. ഏതെങ്കിലും കോടതിയിൽനിന്ന് അറസ്റ്റ് ഉത്തരവുണ്ടോ എന്നറിയാൻ കോടതി വെബ്‌സൈറ്റുകൾ പരിശോധിക്കാൻ ജനങ്ങൾക്ക് സാധിക്കുമെന്നും ബെഞ്ച് ഓർമിപ്പിച്ചു. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും തട്ടിപ്പ് തുടരുകയാണെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക എൻ.എസ് നാപ്പിനായി കോടതിയെ അറിയിച്ചു. അടുത്തിടെ ഒരു സ്ത്രീക്ക് ഇത്തരത്തിൽ 2.5 കോടി രൂപ നഷ്ടമായ സംഭവവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, സുപ്രിംകോടതിയുടെ ഇടപെടലിനെത്തുടർന്ന് ഡിജിറ്റൽ അറസ്റ്റ് കേസുകളിൽ 50 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ ബോധിപ്പിച്ചു. സംശയകരമായ പണമിടപാടുകൾ ബാങ്കുകൾ ഇപ്പോൾ പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ടെന്നും ചട്ടങ്ങൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!