KSDLIVENEWS

Real news for everyone

ചേരനല്ലൂർ വാഹനാപകടം: പ്രതിയായ 17-കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് പരാതി

SHARE THIS ON

കൊച്ചി: ചേരനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ 17-കാരന്റെ പിതാവായ ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടം നടന്നത് മുതൽ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജഡ്ജി ശ്രമിച്ചതായി സംശയങ്ങളുണ്ടെന്ന് കുടുംബം ചേരനല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ബി.എൻ.എസ്. (ഭാരതീയ ന്യായ സംഹിത) സെക്ഷൻ 238 പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം.

അപകടം നടന്ന ദിവസം എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ജഡ്ജി പോലീസ് സ്റ്റേഷനിലെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. അവിടെവെച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചതായി അപകടദിവസം മുതൽ കുടുംബത്തിന് പരാതിയുണ്ട്.

അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ, വാഹനത്തിന് പിന്നിലുണ്ടായിരുന്ന ‘ജഡ്ജ്’ എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.

നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ സ്വാധീനിച്ചെന്നും അന്വേഷണത്തിൽ തെറ്റായ രീതിയിൽ ഇടപെട്ടെന്നും കുടുംബം ആരോപിക്കുന്നു. ഇതിലൂടെ പ്രതിക്ക് ചുമത്തേണ്ട മതിയായ കുറ്റകൃത്യങ്ങൾ (വകുപ്പുകൾ) ഒഴിവാക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന്റെ പേരിൽ മോട്ടോർ വാഹന നിയമം 199എ പ്രകാരം ജഡ്ജിയെ നേരത്തെ കേസിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കുട്ടിയെ നിയമനടപടികളിൽനിന്ന് രക്ഷിക്കാൻവേണ്ടി തെളിവ് നശിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാണ്. അതിനാൽ തെളിവ് നശിപ്പിച്ച സംഭവത്തിൽ പ്രത്യേക എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!