KSDLIVENEWS

Real news for everyone

മണിക്കൂറിൽ 280 കിലോമീറ്റർ പരമാവധി വേഗം; 557 പേർക്ക് യാത്ര ചെയ്യാം; ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ഒരുങ്ങുന്നു

SHARE THIS ON

അടിസ്ഥാന സൗകര്യ വികസന രംഗത്തെ ഒരു ചരിത്രപരമായ ചുവടുവെപ്പുമായി ഇന്ത്യ. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ഇന്ത്യ തദ്ദേശീയമായി രൂപകൽപനചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറങ്ങാൻ ഒരുങ്ങുകയാണ്. ബെംഗളൂരുവിലെ ബി.ഇ.എം.എൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) കേന്ദ്രത്തിൽ ബുള്ളറ്റ് ട്രെയിനിന്റെ നിർമ്മാണ പ്രക്രിയ നിലവിൽ പുരോഗമിക്കുകയാണ്. വിദേശ സാങ്കേതികവിദ്യയെ പൂർണ്ണമായും ആശ്രയിക്കുക എന്ന രീതിയിൽ നിന്ന് മാറി, ഇന്ത്യയിലെ സവിശേഷമായ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുസൃതമായാണ് ഇന്ത്യൻ എൻജിനീയർമാർ ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മണിക്കൂറിൽ 280 കിലോമീറ്റർ പരമാവധി പരീക്ഷണ വേഗത കൈവരിക്കുന്ന തരത്തിലാണ് ബുള്ളറ്റ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. നാല് മോട്ടോർ കാറുകളും നാല് ട്രെയിലർ കാറുകളും ഉൾപ്പെടെ എട്ട് കോച്ചുകളുള്ള ഈ ട്രെയിനിന് ആകെ 202 മീറ്റർ നീളമുണ്ടാകും. ഭിന്നശേഷിക്കാർക്ക് വേണ്ടി നീക്കിവെച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ, 557 യാത്രക്കാരെ ഈ ട്രെയിനിന് ഉൾക്കൊള്ളാൻ സാധിക്കും.

ട്രെയിനിൽ 3×2 സീറ്റിംഗ് ക്രമീകരണമുള്ള ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും 2×2 സീറ്റുകളുള്ള ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഉണ്ടായിരിക്കും. ട്രെയിനിന്റെ ഓരോ അറ്റത്തും ഇന്റലിജന്റ് ഓൺ-ബോർഡ് കൺട്രോൾ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ഡ്രൈവർ ക്യാബും ഉണ്ടാകും.

ഇന്ത്യക്കാരുടെ ശരീര സവിശേഷതകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ട്രെയിൻ, യാത്രക്കാർക്ക് പരമാവധി സൗകര്യം ഉറപ്പ് നൽകുന്ന രീതിയിലാണ് നിർമിക്കുന്നത്. വിശാലമായ ഇരിപ്പിടങ്ങളും കാലുകൾ നീട്ടി വെക്കാൻ ആവശ്യമായ സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്. കോച്ചുകൾക്കിടയിലൂടെ യാത്രക്കാർക്ക് തടസമില്ലാതെ നടക്കാൻ ഉതകുന്ന രീതിയിലാണ് സിംഗിൾ പീസ് ഗാങ്വേ നൽകിയിരിക്കുന്നത്.

ഓരോ സീറ്റ് നിരയിലുമുള്ള വിശാലമായ ജനലുകളിലൂടെ യാത്രക്കാർക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. ട്രെയിനിനുള്ളിൽ ആധുനിക എൽ.ഇ.ഡി (LED) ലൈറ്റുകൾ സജ്ജീകരിക്കും. കൂടാതെ, വലിയ ലഗേജുകൾ വെക്കുന്നതിനായി തറയിൽ ഉറപ്പിച്ച പ്രത്യേക സ്റ്റാൻഡുകളും, മുകൾഭാഗത്തായി സാധനങ്ങൾ വെക്കാനുള്ള റാക്കുകളും ഉൾപ്പെടെ ധാരാളം സ്റ്റോറേജ് സ്‌പേസും ഉണ്ടാകും. ലാപ്‌ടോപ്പുകൾക്കും മൊബൈൽ ഉപകരണങ്ങൾക്കുമായി പ്രത്യേകം പവർ ഔട്ട്ലെറ്റുകൾ സജ്ജീകരിക്കും. ആധുനിക ബയോ-ഡൈജസ്റ്റർ ശൗചാലയങ്ങൾ ഈ ട്രെയിനിൽ സജ്ജീകരിച്ചിക്കും.

യാത്രയിലുടനീളം വിവരങ്ങൾ അറിയിക്കുന്നതിനായി സമഗ്രമായ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഈ ട്രെയിനിലുണ്ടാകും. ക്യാബിനുള്ളിൽ എൽസിഡി ഡിസ്പ്ലേകൾ സജ്ജീകരിച്ചിട്ടുണ്ടാകും. ഇതിലൂടെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ വിവരങ്ങൾ ലഭ്യമാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!