KSDLIVENEWS

Real news for everyone

ഇനി മെസ്സിയില്ലാത്ത അർജന്റീന, മുന്നേറ്റത്തിൽ നിക്കോ പാസും അൽവാരസും; പുതിയ സ്ക്വാഡിനെ പ്രഖ്യാപിച്ച് സ്കലോണി

SHARE THIS ON

റൊസാരിയോ: വരാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കായുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ സ്‌ക്വാഡിനെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി വിരമിച്ചതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണിത്.

ഒട്ടേറെ യുവതാരങ്ങൾ ടീമിലിടം പിടിച്ചിട്ടുണ്ട്. നിക്കോ പാസ്, ഹൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റന്റുവോനോ, എൻസോ ഫെർണാണ്ടസ്, വാലന്റൈൻ ബാർകോ എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. ലയണൽ മെസ്സിയില്ലാത്ത ടീമിൽ നിക്കോ പാസ് വലതുവിങ്ങിൽ കളിക്കാനാണ് സാധ്യത. മെസ്സിയുടെ പത്താം നമ്പർ നിക്കോ പാസ് അണിയുമെന്നും വിവരമുണ്ട്. മെസ്സിയില്ലാത്ത ടീമിനെ എങ്ങനെ സജ്ജമാക്കുമെന്ന കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.

യുറഗ്വായ്, കോസ്റ്റാറിക്ക ടീമുകൾക്കെതിരേയാണ് അർജന്റീനയുടെ മത്സരങ്ങൾ. നവംബർ 13,17 തീയതികളിലാണ് മത്സരങ്ങൾ.

ബെനിനെതിരേയാണ് മെസ്സി അർജന്റീനയ്ക്കായുള്ള അവസാനമത്സരം കളിച്ചത്. മത്സരത്തിൽ ഗോളും അസിസ്റ്റുകളുമായി തിളങ്ങുകയും ചെയ്തു. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി നിറഞ്ഞുകളിച്ചു. 48-ാം മിനിറ്റിൽ നിക്കൊളാസ് ഒട്ടാമെൻഡിയാണ് ആദ്യം ഗോളടിച്ചത്. 61-ാം മിനിറ്റിൽ നിക്കോ പാസും വലകുലുക്കി. രണ്ട് ഗോളിനും മെസ്സിയാണ് വഴിയൊരുക്കിയത്. 71-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ഗോൾനേട്ടം മൂന്നാക്കി.

അർജന്റീനയ്ക്കായി രണ്ടു പതിറ്റാണ്ടിലേറെ കാലം മെസ്സി കളിച്ചിരുന്നു. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളടിച്ചതാരവും മെസ്സിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!