KSDLIVENEWS

Real news for everyone

രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയാക്കി യെദ്യൂരപ്പ – കുമാരസ്വാമി കൂടിക്കാഴ്ച

SHARE THIS ON

ബെംഗളൂരു • മന്ത്രിസഭാ വികസനത്തെച്ചൊല്ലി ബി.ജെ.പി. യിൽ അസ്വാരസ്യം പുകയുന്നതിനിടെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി ജെ.ഡി.എസ്. നേതാവും മുൻ മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ കൃഷ്ണ ഓഫീസിലാണ് ഇരു നേതാക്കളും 15 മിനിറ്റോളം ചർച്ച നടത്തിയത്. ജെ.ഡി.എസ്. എം.എൽ.എ. സി. എസ്. പുട്ടരാജും കൂടെയുണ്ടായിരുന്നു. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാർ വീണതിനുശേഷം യെദ്യൂരപ്പയ്ക്കും ബി.ജെ.പി. ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന കുമാരസ്വാമി പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 11-നും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. ജെ.ഡി.എസ്., എം.എൽ.എ. മാരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കൂടിക്കാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങൾക്കിടയാക്കി. മന്ത്രിസ്ഥാനം ലഭിക്കാത്തവർ യെദ്യൂരപ്പയ്ക്കെതിരേ പടനീക്കം നടത്തിയാൽ ജെ.ഡി.എസ്. പിന്തുണയ്ക്കുമെന്നാണ് സൂചന. യെദ്യൂരപ്പയോട് മൃദുസമീപനമാണ് കുമാരസ്വാമി സ്വീകരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അഴിമതിയിൽ സർക്കാരിനെതിരേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ജെ.ഡി.എസ്. പിന്തുണച്ചിരുന്നില്ല. ഇതേത്തുടർന്ന് ജെ.ഡി.എസ്. യെദ്യൂരപ്പയെ പിന്തുണയ്ക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ ബി.ജെ.പിയോട് മൃദുസമീപനമില്ലെന്നും സർക്കാരിനോട് അതുണ്ടെന്നുമാണ് കുമാരസ്വാമി ഇതിന് മറുപടി നൽകിയത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ഡി.കെ. ശിവകുമാർ ജെ.ഡി.എസിലെ വൊക്കലിഗ നേതാക്കളെ അടർത്തിയെടുക്കാൻ നീക്കം നടത്തുന്നതാണ് കുമാരസ്വാമിയെ അലോസരപ്പെടുത്തുന്നത്. കഴിഞ്ഞദിവസം നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് കനത്ത തിരിച്ചടിയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!