മുസ്ലിം മതസ്ഥാപനങ്ങളെ നിരന്തരം ലക്ഷ്യം വയ്ക്കുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം’; ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം

ഡൽഹി: ഡൽഹി കൃഷി ഭവൻ വളപ്പിലെ നൂറ്റാണ്ട് പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മുസ്ലിം മതസ്ഥാപനങ്ങളെ നിരന്തരം ലക്ഷ്യം വയ്ക്കുന്നത് മോദി സർക്കാർ അവസാനിപ്പിക്കുകയും പള്ളിയുടെ സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നീക്കത്തിൽ സർക്കാർ പിന്മാറണമെന്ന് മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു.
പാർലമെന്റ് സമുച്ചയത്തിന് സമീപത്ത് ആയിട്ടുള്ള കൃഷി ഭവൻ വളപ്പിലെ വർഷങ്ങളായി വിശ്വാസികൾ പ്രാർത്ഥന നിർവഹിക്കുന്ന ഖദീമി മസ്ജിദുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷവും തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും കൃഷിഭവനിലെയും സമീപത്തെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലെയും ജീവനക്കാര്‍ നിസ്കാരത്തിനായി ആശ്രയിച്ചുവരുന്നത് ഖദീമി മസ്ജിദാണ്.
സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിനുള്ളില്‍ സ്ഥിരമായ മതപരമായ നിര്‍മിതി നിലനിര്‍ത്തുന്നത് ഭരണകൂടത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കൂടാതെ, സെന്‍ട്രല്‍ വിസ്താ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും ശാസ്ത്രിഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പള്ളി നീക്കുന്നതെന്നുമാണ് സർക്കാർ വാദം.
ബിജെപി സർക്കാരിന്റെ ബുൾഡോസറുകൾ എല്ലായ്പ്പോഴും മുസ്ലിംകൾക്കും അവരുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെയാണ് എന്ന് കോൺഗ്രസ് നേതാവ് നാസർ ഹുസൈൻ എംപി പറഞ്ഞു. കൃഷി കൃഷിഭവൻ വരുന്നതിനു മുമ്പേ പള്ളി അവിടെയുണ്ടായിരുന്നതായും പള്ളിയുടെ ഉടമസ്ഥർ സർക്കാരല്ല, വഖഫ് ആണ് എന്നും AIMIM അധ്യക്ഷൻ അസദ്ദുദീൻ ഉവൈസി വ്യക്തമാക്കി.
സർക്കാരുകളുടെ പബ്ലിക് പ്രോപ്പർട്ടിയുടെ മതേതര സ്വഭാവത്തിന് മസ്ജിദ് എതിരാണെന്ന വാദം തെറ്റാണെന്നും ഇത് ഭരണകൂടത്തിന്റെ വർഗീയ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നും ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ പറഞ്ഞു. മസ്ജിദിന് ചുറ്റുമാണ് സർക്കാർ ഓഫീസുകൾ ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

