പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ? കേരളത്തിലും പരിശോധനയ്ക്ക് നിർദേശം, ‘കണ്ടെത്തിയാൽ നടപടി

തിരുവനന്തപുരം: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലുമധികം എഥനോൾ ഉള്ളതായി കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിലും പരിശോധനയ്ക്ക് നിർദേശം. സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി അനൂപ് ജേക്കബാണ് നിർദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചാകും പരിശോധന.
കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കർണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണു കേരളത്തിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
2005-ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്പീഡ് ഡീസൽ റെഗുലേഷൻസ് ഓഫ് സപ്ലൈ ഡിസ്ട്രിബ്യൂഷൻ & പ്രിവൻഷൻ ഓഫ് മൽപ്രാക്റ്റീസസ് നിയമപ്രകാരം സംസ്ഥാനം 2014-ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ലൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും അധികാരം നൽകിയിട്ടുണ്ട്.
മായം കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. 20 ശതമാനമാണ് കേന്ദ്രസർക്കാർ എഥനോൾ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.
കർണാടകയിലെ വിവിധ ഭാഗങ്ങളിലെ പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച 63 സാംപിളുകൾ പരിശോധിച്ചപ്പോൾ ബെംഗളൂരു ഉൾപ്പെടെ ഏഴ് ജില്ലകളിൽ എഥനോൾ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യ-സിവിൽ സപ്ലൈസ്-ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷദ് ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പ്രമുഖ ഓയിൽ കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ സാംപിളുകളിൽ 31.2 ശതമാനം വരെയാണ് എഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. വിഷയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ഏറ്റെടുത്തതോടെ ദേശീയ തലത്തിലും ചർച്ചയായിരുന്നു.
അതേസമയം കേന്ദ്ര പെട്രോളിയം മന്ത്രാലയം വിഷയം തള്ളിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു. കർണാടകയിലെ ആരോപണങ്ങൾ അംഗീകൃത നടപടിക്രമങ്ങൾ പ്രകാരമുള്ള പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇ 20 പെട്രോളിനെതിരെ നേരത്തെ തന്നെ വിവിധ തരത്തിലുള്ള ആശങ്കകൾ ഉയർന്നിരുന്നു. 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്തുന്ന കമ്പനികൾക്കെതിരെ എപ്പോൾ നടപടിയെടുക്കുമെന്ന് ചോദിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.
‘നിങ്ങൾ വിലകൂടിയ പെട്രോളിന് പണം നൽകുന്നു, എന്നാൽ നിങ്ങളുടെ ടാങ്കിലേക്ക് അടിക്കുന്നത് എഥനോളാണ്. ആർക്കാണ് നഷ്ടം? നിങ്ങൾക്ക്. അത്രയധികം എഥനോൾ കൈകാര്യം ചെയ്യാൻ പാകത്തിലല്ല നിങ്ങളുടെ കാർ നിർമ്മിച്ചിരിക്കുന്നത് – അതായത്, മൈലേജ് കുറയുന്നു, മെക്കാനിക്കിന്റെ അടുത്തേക്ക് വീണ്ടും വീണ്ടും പോകേണ്ടി വരുന്നു. ഏറെ ആവേശത്തോടെ നിങ്ങൾ വാങ്ങിയ കാർ നശിച്ചുകൊണ്ടിരിക്കുന്നു’ രാഹുൽ എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാരുമായുള്ള സംവാദത്തിൽ ഈ വിഷയവും ഉൾപ്പെടുത്താമെന്നും രാഹുൽ അറിയിച്ചു.

