മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറാം; ഡിസംബര്‍ എട്ട് വരെ അവസരം

തിരുവനന്തപുരം: അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് മാറാന്‍ ഡിസംബര്‍ എട്ട് വരെ അവസരം. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരില്‍ അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ ഇല്ലാതെ സ്വമേധയാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അനുവദിച്ച സമയത്തിന് ശേഷം നടത്തുന്ന പരിശോധനയില്‍ അനര്‍ഹരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് ഇതുവരെ കൈപ്പറ്റിയ റേഷന്‍ ഭക്ഷ്യസാധനങ്ങളുടെ കമ്പോളവില പിഴയായി ഈടാക്കും. ജീവിതസാഹചര്യങ്ങളും സാമ്പത്തിക നിലയും മാറിയിട്ടും മുന്‍ഗണനാ കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നവരെയാണ് നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി അടക്കുന്നവര്‍ തുടങ്ങിയവര്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടവരുടെ പട്ടികയില്‍ പെടുന്നു. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍ എന്നിവരും ഇതില്‍പ്പെടും. വിദേശത്തോ സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന കുടുംബാംഗത്തിന് പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കിലും മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടാകില്ല.
അതേസമയം, നിശ്ചിത വിഭാഗങ്ങള്‍ക്ക് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം, താത്കാലിക ജീവനക്കാര്‍, നാലാം ക്ലാസ്സ് തസ്തികകളില്‍ നിന്ന് വിരമിച്ച പെന്‍ഷന്‍കാര്‍, പ്രതിമാസം 5,000 രൂപയില്‍ താഴെ പെന്ഷന് ലഭിക്കുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യസമര പെന്ഷന് ലഭിക്കുന്നവര്‍ എന്നിവരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഉപജീവനത്തിനുള്ള ഏക വരുമാനമാര്‍ഗമായി ടാക്സി ഉപയോഗിക്കുന്ന നാല് ചക്ര വാഹന ഉടമകള്‍ക്കും ഇളവ് ലഭിക്കും. കാര്‍ഡിന്റെ വിഭാഗം മാറ്റുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.

