കൂട്ടത്തകർച്ച, 89 റൺസിന് ഓൾഔട്ടായി ഇന്ത്യ, ന്യൂസീലൻഡിന് 244 റൺസ് വിജയം

മൗണ്ട് മംഗനൂയി:ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ വമ്പൻ തോൽവി വഴങ്ങി ഇന്ത്യ. നിർണായക മത്സരത്തിൽ 244 റൺസ് വിജയമാണ് കിവീസ് സ്വന്തമാക്കിയത്. കിവീസ് ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ 89 റൺസെടുത്തു പുറത്തായി. ഇതോടെ പരമ്പര 2–1 എന്ന നിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരം വിജയിച്ചാൽ ന്യൂസീലൻഡിന് പരമ്പര സമനിലയിലാക്കാൻ സാധിക്കും. ശ്രീലങ്കയ്ക്കെതിരെ 245 റൺസിന്റെ തോൽവി വഴങ്ങിയതാണ് ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും വലിയ തോൽവി.
53 പന്തിൽ 27 റൺസെടുത്ത ഇഷാൻ കിഷനാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. നമൻ ധീർ (24 പന്തിൽ 21), അക്ഷര്‍ പട്ടേൽ (36 പന്തിസ് 21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ്ങില്‍ ഒൻപതു റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. ഒരു റൺ സ്കോർ ബോർഡിൽ ചേർക്കും മുൻപ് മാറ്റ് ഹെൻറിയുടെ ആദ്യ ഓവറിൽ രോഹിത് ശർമ, വിരാട് കോലി, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. അഞ്ചു റൺസെടുത്ത ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് കൈൽ ജെയ്മിസന്റെ പന്തിൽ മിച്ചൽ ബ്രേസ്വെൽ ക്യാച്ചെടുത്താണു മടങ്ങിയത്. മുൻനിരയുടെ പതനത്തിനു ശേഷം മധ്യനിര ചെറുത്തുനിൽപിനു ശ്രമിച്ചെങ്കിലും മാറ്റ് ഹെൻറിയും മാത്യു ഫിഷറും ചേർന്ന് ഇന്ത്യൻ ബാറ്റർമാരെ തകർത്തെറിയുകയായിരുന്നു.
ഏഴ് ഇന്ത്യൻ ബാറ്റർമാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. 9.4 ഓവറുകൾ പന്തെറിഞ്ഞ മാറ്റ് ഹെൻറി 27 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. മാത്യു ഫിഷറിനു മൂന്നു വിക്കറ്റുകളും കൈൽ ജെയ്മിസന്‍ ഒരു വിക്കറ്റുമുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 50 ഓവറിൽ 333 റൺസെടുത്തു പുറത്തായി. ഓപ്പണർ വിൽ യങ് സെഞ്ചറി നേടി. 108 പന്തുകൾ നേരിട്ട താരം നാല് സിക്സുകളും 14 ഫോറുകളുമുൾപ്പടെ 125 റൺസെടുത്തു. 48 പന്തിൽ 58 റൺസടിച്ച ഓപ്പണർ ടിം സെയ്ഫർട്ടും തിളങ്ങി. ഇരുവരുടേയും പ്രകടനങ്ങളാണ് മധ്യനിര താരങ്ങൾ ചെറിയ സ്കോറിനു പുറത്തായിട്ടും ന്യൂസീലൻഡിനെ 300 കടത്തിയത്.
ആക്വിബ് നബി എറിഞ്ഞ രണ്ടാം ഓവറിൽ രണ്ടു തവണയാണ് വിൽ യങ്ങിനെ പുറത്താക്കാനുള്ള അവസരങ്ങൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത്. സെഞ്ചറി നേടിയ വിൽ യങ് കിവീസ് ഇന്നിങ്സിന്റെ നട്ടെല്ലായി. 12–ാം ഓവറിൽ ടിം സെയ്ഫർട്ടിനെ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച് ഗുർനൂർ ബ്രാറാണ് കിവീസിന്റെ 85 റൺസ് ഓപ്പണിങ് കൂട്ടുകെട്ട് തകർത്തത്. പിന്നാലായെത്തിയ ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാൻ സാധിച്ചില്ലെങ്കിലും വിൽ യങ് 88 പന്തിൽ സെഞ്ചറി തികച്ചു. നിക് കെല്ലിയെ (നാല്) അക്ഷര്‍ പട്ടേലും ഡീൻ ഫോക്സ്ക്രോഫ്റ്റിനെ (എട്ട്) ആക്വിബ് നബിയുമാണു പുറത്താക്കിയത്.
സ്കോർ 200 കടന്നതിനു പിന്നാലെ 41 റൺസടിച്ച ഫിൻ അലനെ അക്ഷര്‍ പട്ടേൽ രോഗിത് ശർമയുടെ കൈകളിലെത്തിച്ചു. 256 പിന്നിട്ടപ്പോഴാണ് വിൽ യങ്ങിനെ നമൻ ധീർ പുറത്താക്കുന്നത്. മിച്ചൽ ബ്രേസ്വൽ (20 പന്തിൽ 15), മിച്ചൽ സാന്റ്നർ (29 പന്തിൽ 24), ക്രിസ്റ്റ്യൻ ക്ലാർക്ക് (22 പന്തിൽ 22) എന്നിവരും പിടിച്ചുനിന്നെങ്കിലും വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി ആക്വിബ് നബി, ഗുർനൂർ ബ്രാർ, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. അർഷ്ദീപ് സിങ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, നമൻ ധീർ, ആക്വിബ് നബി, കുൽദീപ് യാദവ്, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ടിം സെയ്ഫർട്ട് (വിക്കറ്റ് കീപ്പർ), വിൽ യങ്, നിക്ക് കെല്ലി, ഡീൻ ഫോക്സ്ക്രോഫ്റ്റ്, ഫിൻ അലന്, മിച്ചൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജെയ്മിസൻ, മാറ്റ് ഹെൻറി, മാത്യു ഫിഷർ.

