KSDLIVENEWS

Real news for everyone

ഇസ്രായേൽ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറായി അറബ് എംപി അഹ്മദ് തിബി

SHARE THIS ON

ജറുസലേം: ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ ഡെപ്യൂട്ടി സ്പീക്കറായി അറബ് എംപിയും ജോയിന്റ് ലിസ്റ്റ് പാർട്ടി ചെയർമാനുമായ അഹ്മദ് തിബി തിരഞ്ഞെടുക്കപ്പെട്ടു. തീവ്രവലതുപക്ഷ പാർട്ടിയായ യിസ്രായേൽ ബെയ്തെയ്നുവിന്റെ നേതാവ് അവിഗ്ദോർ ലിബർമാൻ പാർലമെന്റ് ചെയർമാനായി പ്രവർത്തിക്കുമെന്ന് നെസെറ്റിന്റെ വിദേശകാര്യ- പ്രതിരോധ സമിതി തിങ്കളാഴ്ച അറിയിച്ചു.

11 സീറ്റുകൾ നേടിയ ജോയിന്റ് ലിസ്റ്റിന്റെ അർഹമായ നേട്ടമാണിതെന്ന് അഹ്മദ് തിബി അൽ ജസീറയോട് പ്രതികരിച്ചു. തന്റെ തെരഞ്ഞെടുപ്പ് തടയാൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ശ്രമിച്ചതായും എന്നാൽ അവരുടെ പ്രകോപനപരമായ നീക്കങ്ങൾ പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിന്റെ എല്ലാ സമിതികളിലും ജോയിന്റ് ലിസ്റ്റിന് പ്രാതിനിധ്യമുണ്ടാകുമെന്നും തിബി കൂട്ടിച്ചേർത്തു. ജോയിന്റ് ലിസ്റ്റിന്റെ ഭാഗമായ തആൽ പാർട്ടിയുടെ നേതാവാണ് അഹ്മദ് തിബി.

കഴിഞ്ഞ മാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാർട്ടികളായ ജോയിന്റ് ലിസ്റ്റും യുണൈറ്റഡ് അറബ് ലിസ്റ്റും (റആം) ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. ഇരു പാർട്ടികളും ചേർന്ന് ആകെ 19 സീറ്റുകൾ സ്വന്തമാക്കി. അടുത്ത സർക്കാർ രൂപീകരിക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ഈ മാസം ആദ്യം ചുമതലപ്പെടുത്തിയ ഗാഡി ഐസൻകോട്ടിന് ഈ സഖ്യം പിന്തുണ നൽകിയിരുന്നു. പാർലമെന്റിൽ വർധിച്ച പ്രാതിനിധ്യം ഉപയോഗിച്ച് തങ്ങൾ നേരിടുന്ന വിവേചനങ്ങളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ഫലസ്തീൻ നേതൃത്വത്തിലുള്ള പാർട്ടികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നെതന്യാഹുവിനും അദ്ദേഹത്തിന്റെ സഹായികൾക്കുമെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ഞായറാഴ്ച തിബി ആവശ്യപ്പെട്ടു. ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടപെടാൻ ഇവർ മാഫിയാ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പിലെ ഇടപെടലുകളെക്കുറിച്ച് അന്വേഷണാത്മക മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തിബിയുടെ പ്രതികരണം.

ഇസ്രായേലിലെ ചാനൽ 12 ബ്രോഡ്കാസ്റ്ററുടെ റിപ്പോർട്ട് പ്രകാരം, ഒക്ടോബർ 27-ന് നടന്ന നെസറ്റ് തെരഞ്ഞെടുപ്പിന് മുമ്പ് നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഇഡോ നോർഡൻ പൊലീസ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെട്ടു. തെക്കൻ ഇസ്രായേലിൽ റആം പാർട്ടിയുടെ മൂന്ന് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കാനായി വലിയ തുക പണവും വൗച്ചറുകളും കൈവശം വെച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം.

പ്രധാനമന്ത്രിയുടെ ഓഫീസിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരാളിൽനിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് വാറന്റുകളില്ലാതെ വീടുകളിൽ റെയ്ഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. ‘നിയമത്തിന് മുകളിൽ ആരുമില്ല, നെതന്യാഹു പോലും’ എന്ന് എക്‌സിൽ കുറിച്ച തിബി, സംഭവത്തിൽ ക്രിമിനൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

1999-ലാണ് തിബി ആദ്യമായി ഇസ്രായേൽ നെസറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2006 മുതൽ 2022 വരെ നെസറ്റിന്റെ ഡെപ്യൂട്ടി സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!