നീതിക്കായുള്ള പോരാട്ടത്തിനൊപ്പം ജീവിതവും മുന്നോട്ട്; ‘ബാലേട്ടൻ ദോശക്കട’ വീണ്ടും തുറന്ന് ഭദ്രകീര്‍ത്തി

കൊച്ചി: നീതിക്കായുള്ള പോരാട്ടത്തില്‍ തളരാതെ മുന്നേറുന്ന മകള്‍ ഭദ്രകീർത്തിയുടെ നിശ്ചയദാർഢ്യത്തില്‍ ചിറ്റൂരിലെ ‘ബാലേട്ടൻ ദോശക്കട’ വീണ്ടും തുറന്നു
ചേരാനെല്ലൂരില്‍ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ തട്ടുകടയാണ് മകള്‍ ഭദ്രകീർത്തിയും ഭാര്യ ബിന്ദുവും ചേർന്ന് തിങ്കളാഴ്ച വീണ്ടും തുറന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജയബാലകൃഷ്ണന്റെ മരണത്തോടെ അടഞ്ഞുപോയ കട, അച്ഛന്റെ ഓർമകള്‍ക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഭദ്രകീർത്തി വീണ്ടും തുറന്നത്. നീതിക്കായുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് കുടുംബം ഉപജീവനമാർഗവും പുനരാരംഭിച്ചത്.
അപകടവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പതിനേഴുകാരനെയും പിതാവിനെയും സംരക്ഷിക്കാൻ പൊലീസും സംവിധാനങ്ങളും ശ്രമിച്ചെന്ന ആരോപണവുമായി ഭദ്രകീർത്തിയും കുടുംബവും രംഗത്തെത്തിയിരുന്നു. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷന് മുന്നില്‍ രാപ്പകലില്ലാതെ പ്രതിഷേധിച്ചാണ് കുടുംബം നീതിക്കായി പോരാടിയത്. നീതി ലഭിക്കേണ്ട കോടതിയില്‍നിന്നുപോലും നിരാശപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടും പോരാട്ടം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഭദ്രകീർത്തി.
ഒക്ടോബർ 25നായിരുന്നു ചേരാനെല്ലൂരില്‍ അപകടമുണ്ടായത്. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തില്‍ ഓടിച്ച ബെൻസ് കാർ സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മാഞ്ഞാലി പുത്തൻപറമ്പില്‍ ജയബാലകൃഷ്ണനെ (55) ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയബാലകൃഷ്ണൻ മരിച്ചു.

