KSDLIVENEWS

Real news for everyone

‘ഞാൻ ജീവനോടെ തിരിച്ചെത്തിയേക്കില്ല’ ; ആരോഗ്യനില മോശമെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

SHARE THIS ON

ഇസ്ലാമാബാദ്: തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ജീവനോടെ തിരിച്ചെത്തിയേക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്നതിനിടെയാണ് രാജ്യത്തെ ഉന്നത ജഡ്ജിമാര്‍ക്ക് അയച്ച തുറന്ന കത്തില്‍ ഇമ്രാന്‍ ഖാന്‍ ആശങ്ക പങ്കുവച്ചത്.

പാകിസ്താന്‍ സുപ്രീം കോടതി, ഫെഡറല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ക്കാണ് കത്ത് അയച്ചത്.

തനിക്ക് മസ്തിഷ്‌ക രക്തസ്രാവത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇമ്രാന്‍ ഖാന്‍ കത്തില്‍ പറയുന്നു. രക്തസമ്മര്‍ദം 193 വരെ ഉയര്‍ന്നതായും പാകിസ്താന്‍ മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാരോഗ്യം ഇതിനകം തന്നെ തകരാറിലാണ്. 74-ാം വയസ്സില്‍ ഈ അവസ്ഥ തുടര്‍ന്നാല്‍ ജീവനോടെ തിരിച്ചെത്താനാകാത്ത സാഹചര്യത്തിലേക്ക് എത്തിയേക്കുമെന്നും ഇമ്രാന്‍ ഖാന്‍ കത്തില്‍ കുറിച്ചു.

ഇമ്രാന്‍ ഖാന്‍
2022ല്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍നിന്ന് പുറത്തായതിന് പിന്നാലെ അഴിമതിയുമായി ബന്ധപ്പെട്ട നിരവധി കേസുകളിലാണ് ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി അദ്ദേഹം ജയിലില്‍ കഴിയുകയാണ്. എന്നാല്‍, ഇമ്രാന്‍ ഖാനെതിരായ ശിക്ഷാവിധികളില്‍ ഒരെണ്ണം ഒഴികെ മറ്റുള്ളവയെല്ലാം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തതായാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ശേഷിക്കുന്ന കേസില്‍ അപ്പീലുകള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസുകളെന്നുമാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്.

‘ജീവനോടെ തുടരാനായാല്‍ ഞാന്‍ എന്റെ നിരപരാധിത്വം തെളിയിക്കും. മുന്‍ പ്രധാനമന്ത്രിയായോ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷനായോ അല്ല ഞാന്‍ ഈ കത്ത് എഴുതുന്നത്,’ എന്നും അദ്ദേഹം കത്തില്‍ പറയുന്നു. കഴിഞ്ഞയാഴ്ച രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇമ്രാന്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കിയിരുന്നു. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് മാറ്റിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!