18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമം; എംഎസ് ധോനിയെ മെന്ററായി പ്രഖ്യാപിച്ച് ചെന്നൈ

ചെന്നൈ: 18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമമിട്ട് എംഎസ് ധോനി. ഇനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ ധോനിയെ മൈതാനങ്ങളിൽ കാണാനാകില്ല. അടുത്ത ഐപിഎൽ സീസണിൽ ധോനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ മെന്ററായിരിക്കുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യം പുറത്തുവിട്ടത്.
ഐപിഎല്ലിൽ താരങ്ങളെ നിലനിർത്താനുള്ള അവസാന ദിവസം ഇന്ന് അവസാനിക്കാനിരിക്കെയാണ് ചെന്നൈയുടെ നിർണായക തീരുമാനം. 2008 ഏപ്രിൽ 19ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് ധോനി ആദ്യമായി ചെന്നൈ ജെഴ്‌സിൽ അരങ്ങേറിയത്. ചെന്നൈക്ക് വിലക്ക് ലഭിച്ച 2016-17 സീസണിൽ റൈസിങ് പൂണെ സൂപ്പർജയന്റ്‌സിനായും ധോനി ഐപിഎല്ലിൽ കളിച്ചു.
ചെന്നൈയുടെ ക്യാപ്റ്റനായിരുന്ന ധോനി അഞ്ച് തവണയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. 2010, 2011, 2018, 2021, 2023 സീസണുകളിൽ ധോനിയുടെ ടീം കിരീടം ചൂടി. 278 മത്സരങ്ങളിൽ 38.30 ബാറ്റിങ് ശരാശരിയിൽ 5439 റൺസും സ്വന്തമാക്കി. ഇതിൽ 24 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു. 158 ക്യാച്ചുകളും 47 സ്റ്റമ്പിങ്ങുകളുമായി വിക്കറ്റിന് പിന്നിലും തിളങ്ങി.

