പെട്രോളില്‍ നിശ്ചിതപരിധിയിലധികം എഥനോള്‍ കലര്‍ത്തി വില്പന നടത്തുന്നുണ്ടോയെന്ന് പരിശോധന; ജില്ലകളിലെ രണ്ടു പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു

കാസർകോട്: പെട്രോളില്‍ നിശ്ചിതപരിധിയിലധികം എഥനോള്‍ കലര്‍ത്തി വില്പന നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ജില്ലകളിലെ രണ്ടു പമ്പുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. കറന്തക്കാട് ജിയോ പമ്പ് പെട്രോള്‍ കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കാനും ഇന്ധനത്തിലെ മായംചേര്‍ക്കലും മറ്റു ക്രമക്കേടുകളും തടയാനുമാണ് നടപടി. പരിശോധനയില്‍ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നിഷ്കര്‍ഷിച്ച ഗുണനിലവാര മാനദണ്ഡം പാലിച്ചാണോ പെട്രോള്‍ നല്‍കുന്നതെന്ന് ഉറപ്പാക്കും. കര്‍ണാടകയിലെ ചില പമ്പില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനം വില്‍ക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും പരിശോധനക്ക് ഉത്തരവിട്ടത്. കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ ജിയോ പമ്പിലും അണങ്കൂര്‍ കറന്തക്കാട് ഫയര്‍സ്റ്റേഷനു സമീപമുള്ള ഐ.ഒ.സി പമ്പിലുമാണ് പരിശോധന നടത്തിയത്.
സാമ്പിളുകള്‍ കോഴിക്കോട് റീജനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ പരിശോധനക്ക് നല്‍കും. ഡി.എസ്.ഒ കെ.എന്‍. ബിന്ദു, കാസര്‍കോട് ടി.എസ്.ഒ ബി കൃഷ്ണനായക്, വെള്ളരിക്കുണ്ട് ടി.എസ്.ഒ ടി.പി ശകുന്തള തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

