ആശയങ്ങളുമായി യോജിക്കാനാകുന്നില്ല; പത്മജ വേണുഗോപാൽ ബിജെപി വിട്ടു

തിരുവനന്തപുരം∙ പത്മജ വേണുഗോപാൽ ബിജെപി വിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി പത്മജ ഫോണില്‍ സംസാരിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു.രാജിക്കത്ത് മെയിലില്‍ അയച്ചു. വിദേശസന്ദര്‍ശനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍. കെ.കരുണാകരന്റെ മകള്‍ കോണ്‍ഗ്രസില്‍ തന്നെ ഉണ്ടാകണമെന്ന് കുടുംബത്തില്‍നിന്നുള്‍പ്പെടെ സമ്മര്‍ദമുണ്ടാകുന്ന സാഹചര്യത്തിലാണു പാര്‍ട്ടി വിടുന്നതെന്നു പത്മജ നേതൃത്വത്തോട് വ്യക്തമാക്കി.
ബിജെപിയില്‍നിന്നു രാജിവച്ചുവെന്നും അവരുടെ പ്രത്യയശാസ്ത്രവുമായി ചേരാന്‍ കഴിയില്ലെന്നും പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ബിജെപിയില്‍ പോയത് തെറ്റായിപ്പോയി. അവരുടെ ആശയങ്ങളെക്കുറിച്ചു പഠിക്കാതെയാണു പോയത്. മീനിനെ പിടിച്ചു കരയിലിട്ട അവസ്ഥയായിരുന്നു. കെ.കരുണാകരന്റെ മകളാണെന്നു ഞാന്‍ ഓര്‍ക്കണമായിരുന്നു. മനസ്സ് വിഷമിപ്പിച്ചിരുന്നപ്പോള്‍ ആലോചിക്കാതെ എടുത്ത തീരുമാനമായിപ്പോയി. അതു തിരുത്തേണ്ട സമയമാണെന്നു തോന്നുന്നു. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ വലിയ അവഗണനയാണ് നേരിടേണ്ടിവന്നത്. അപ്പോള്‍ പെട്ടെന്ന് എടുത്ത തീരുമാനമാണ്. ബിജെപിയിൽ ചെന്ന് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തെറ്റിപ്പോയി എന്നു തോന്നി. പദവി കിട്ടിയില്ല എന്ന പേരിലല്ല രാജി. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. രാജീവ് ചന്ദ്രശേഖര്‍ തികച്ചും മാന്യനായ വ്യക്തിയാണ്. അദ്ദേഹം ആ പാര്‍ട്ടിയില്‍ യോജിച്ച ആളാണോ എന്നു തന്നെ തോന്നിയിട്ടുണ്ട്’–പത്മജ പറഞ്ഞു.
അതേസമയം, പത്മജ നേരിട്ടു സംസാരിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാജിവച്ചതിനു ശേഷം പാര്‍ട്ടിയിലേക്കു മടങ്ങിയെത്തണമെന്ന ആവശ്യമുന്നയിച്ചാല്‍ പരിഗണിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. പത്മജ തിരിച്ചെത്തുമെന്ന അഭ്യൂഹം പരന്നതോടെ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും എതിര്‍പ്പുമായി രംഗത്തെത്തി. തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇവര്‍. പത്മജയ്‌ക്കൊപ്പം ബിജെപിയിലെത്തി തൃശൂര്‍ ജില്ലാ ഭാരവാഹി സ്ഥാനങ്ങള്‍ നേടിയവരും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരും.

