KSDLIVENEWS

Real news for everyone

മോദി കരുത്തനായ നേതാവ്; ക്വാഡ് നേതാക്കളെ സാക്ഷിയാക്കി പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ ട്രംപ്

SHARE THIS ON

മനില: ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജപ്പാൻ പ്രധാനമന്ത്രി സനെയ് തകായിച്ചിയെയും പ്രശംസിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ക്വാഡ് സഖ്യരാജ്യങ്ങളിലെ നേതാക്കള്‍ അസാധാരണ വ്യക്തിത്വങ്ങളാണെന്നും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും വിശേഷിപ്പിച്ച ട്രംപ്, അരികിലിരുന്ന മോദിയെ ചൂണ്ടി അദ്ദേഹം വളരെ കരുത്തനായ മനുഷ്യനാണ് എന്നും അഭിപ്രായപ്പെട്ടു.

മനിലയില്‍ നടക്കുന്ന 49-ാമത് ആസിയാൻ ഉച്ചകോടിയുടെ ഭാഗമായാണ് 2024 ന് ശേഷമുള്ള ആദ്യ നേരിട്ടുള്ള ക്വാഡ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകായിച്ചി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവർക്കൊപ്പം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഈ മൂന്ന് നേതാക്കളുമായുള്ള ദീർഘകാലത്തെ വ്യക്തിബന്ധം ചർച്ചകള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

“ഈ ആളുകളുമായും ഈ രാജ്യങ്ങളുമായും തുടക്കം മുതല്‍ക്കേ ഞങ്ങള്‍ക്ക് മികച്ച ബന്ധമാണുള്ളത്. ഇവർ മൂവരുമായും എനിക്ക് ദീർഘകാലത്തെ പരിചയമുണ്ട്. ഇവർ അസാധാരണ വ്യക്തിത്വങ്ങളും എന്റെ സുഹൃത്തുക്കളുമാണ്, അത് ചർച്ചകളെ സഹായിക്കും,” ട്രംപ് പറഞ്ഞു. ഒരു ചോദ്യത്തിനിടയില്‍ പുഞ്ചിരിയോടെ ഇടപെട്ടുകൊണ്ട് മോദിയെ ചൂണ്ടിക്കാട്ടിയ ട്രംപ്, “അദ്ദേഹം വളരെ കരുത്തനായ മനുഷ്യനാണ്” എന്നും പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമിട്ട് ഒത്തുചേർന്ന ഉച്ചകോടിയില്‍, വിതരണ ശൃംഖലകളിലെ സംയുക്ത പുരോഗതിയെക്കുറിച്ച്‌ ട്രംപ് എടുത്തുപറഞ്ഞു. ആഗോളതലത്തില്‍ അപൂർവ്വ ധാതുക്കളുടെ വിതരണത്തില്‍ ആധിപത്യം പുലർത്തുന്ന രാജ്യങ്ങളെ 10 മാസത്തിനുള്ളില്‍ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങള്‍ വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. മുൻപൊരിക്കലുമില്ലാത്ത അളവില്‍ ഞങ്ങള്‍ അപൂർവ്വ ധാതുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 10 മാസത്തിനുള്ളില്‍ ഞങ്ങള്‍ അവരെ മറികടക്കും. ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം 10 മാസത്തിനുള്ളില്‍ ലഭ്യമാകും. ജപ്പാനും ഇന്ത്യയും അമേരിക്കയുമെല്ലാം ഈ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത്,” ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!