മന്ത്രിസഭയിൽ ആദ്യ വെടിപൊട്ടിക്കൽ; എ.പി അനിൽകുമാറിനെതിരെ സൈബർ ആക്രമണം; കോൺഗ്രസിൽ പൊട്ടലും ചീറ്റലും?

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ആറാം മാസത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും പരസ്യമായ തർക്കങ്ങളിലേക്ക്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പിഎസ്സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ തുടങ്ങിയ വിയോജിപ്പ് മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിലേക്കും പാർട്ടിയുമായി കൂടിയാലോചന നടത്താത്തതിലേക്കും നീണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തർക്കത്തിന് പിന്നാലെ മന്ത്രി എ.പി അനിൽകുമാറിനെ ലക്ഷ്യമിട്ട് സൈബർ ഇടങ്ങളിൽ പ്രചാരണവും ശക്തമായിട്ടുണ്ട്.
മന്ത്രിസഭാ യോഗത്തിൽ കെ.സി വേണുഗോപാൽ പക്ഷത്തിന്റെ ആദ്യ പരസ്യ വിയോജിപ്പായാണ് സംഭവത്തെ കോൺഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇതുവരെ മന്ത്രിസഭയ്ക്കുള്ളിൽ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാൻ കെ.സി. പക്ഷത്തെ മന്ത്രിമാർ തയ്യാറാകുന്നില്ലെന്ന ആഭ്യന്തര വിമർശനം ഗ്രൂപ്പിനുള്ളിൽ ശക്തമായിരുന്നു. പിഎസ്സി അംഗങ്ങളുടെ നിയമനവും ഗുരുവായൂർ ദേവസ്വം ബോർഡ് വിഷയവും വന്നതോടെ വിയോജിപ്പ് പരസ്യമായി ഉന്നയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. വരാനിരിക്കുന്ന ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും അഭിപ്രായവ്യത്യാസം അറിയിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
പിഎസ്സി അംഗങ്ങളുടെ പേരുകൾ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടന്നില്ലെന്നതാണ് പ്രധാന പരാതി. സാധാരണയായി കെപിസിസി അധ്യക്ഷനുമായും മുതിർന്ന നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് ഇത്തരം പേരുകൾ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിക്കാറുള്ളത്. എന്നാൽ ഇത്തവണ അന്തിമ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ലെന്നാണ് കെ.സി പക്ഷത്തിന്റെ ആരോപണം.
കെ.സി വേണുഗോപാൽ നിർദേശിച്ച സുധാ മേനോന്റെ പേര് വീണ്ടും പരിഗണിക്കപ്പെടാതെ പോയതും തർക്കത്തിന് കാരണമായെന്നാണ് വിവരം. ഇതിന് പകരം മറ്റൊരു പേര് മുന്നോട്ടുവെച്ചതും ഗ്രൂപ്പിനുള്ളിലെ അതൃപ്തി വർധിപ്പിച്ചു. കെ.സി പക്ഷത്തിന്റെ പ്രധാന നേതാവായ എ.പി. അനിൽകുമാറാണ് മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ശക്തമായി ഉന്നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും എതിർപ്പിനെ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ.
കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജ; തിരിച്ചെടുക്കുന്നതിനെതിരെ തൃശ്ശൂരിൽ എതിർപ്പ് ശക്തം
ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും വേണ്ടത്ര ചർച്ച നടന്നില്ലെന്ന പരാതി ചില മന്ത്രിമാർക്കുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരിലേക്ക് ഫയലുകൾ എത്തുന്നത് അവസാന ഘട്ടത്തിലാണെന്നും തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളുകയാണെന്നുമുള്ള വിമർശനവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട അതൃപ്തി മന്ത്രിസഭയ്ക്കുള്ളിൽ തുറന്നുപറഞ്ഞത്.
പിഎസ്സി നിയമനത്തിൽ മാത്രം ഒതുങ്ങിയില്ല മന്ത്രിസഭയിലെ വിയോജിപ്പ്. വൈദ്യുതി കരാർ, മദ്യനയം തുടങ്ങിയ വിഷയങ്ങളിലും മന്ത്രിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവ മന്ത്രിസഭയ്ക്കുള്ളിൽ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നില്ലെന്ന വിമർശനം കോൺഗ്രസിനുള്ളിൽ നേരത്തെ ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനങ്ങളോട് മന്ത്രിമാർ വിയോജിപ്പ് തുറന്നുപറയുന്നില്ലെന്നായിരുന്നു കെ.സി. പക്ഷത്തെ പ്രധാന പരാതി.
പാർട്ടിയുമായി ആലോചിക്കാതെയും വിവിധ ഗ്രൂപ്പുകളുടെ അഭിപ്രായം തേടാതെയും സർക്കാർ തീരുമാനങ്ങൾ മുന്നോട്ടുപോകുന്നുവെന്ന വിമർശനവും ശക്തമാണ്. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിന് സംവിധാനമുണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടും അതിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. കെപിസിസി അധ്യക്ഷന്റെ സംഘടനാ ചുമതലകളും പാർട്ടി-സർക്കാർ ഏകോപനവും സംബന്ധിച്ച ചർച്ചകളും ഇതിന്റെ ഭാഗമായി വീണ്ടും സജീവമാകുകയാണ്.
ഇനി ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിയിലും വിവിധ ഗ്രൂപ്പുകളിലും കൂടിയാലോചന വേണമെന്ന നിലപാടിലാണ് കെ.സി. പക്ഷമെന്നാണ് സൂചന. അതിന് തയ്യാറാകാത്ത പക്ഷം ഓരോ വിഷയത്തിലും വിയോജിപ്പ് പരസ്യമായി ഉന്നയിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
മന്ത്രിസഭാ യോഗത്തിലെ തർക്കവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഗ്രൂപ്പ് പോര് ശക്തമായി. മന്ത്രിസഭയ്ക്കുള്ളിലെ തർക്കം മാധ്യമങ്ങൾക്ക് ചോർത്തിനൽകിയത് മന്ത്രി എ.പി. അനിൽകുമാറാണെന്ന് ആരോപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്. ചില പോസ്റ്റുകളിൽ അദ്ദേഹത്തിന്റെ പേര് നേരിട്ട് പരാമർശിക്കുമ്പോൾ മറ്റു ചിലതിൽ പരോക്ഷമായാണ് വിമർശനം.
വിഡിഎസ് ബ്രിഗേഡ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലുൾപ്പെടെ തർക്കവാർത്ത ചോർത്തിയത് ആരെന്ന ചോദ്യവുമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായും അവയ്ക്ക് താഴെ എ.പി. അനിൽകുമാറിനെ ലക്ഷ്യമിട്ടുള്ള കമന്റുകൾ വന്നതായും റിപ്പോർട്ടുകളുണ്ട്. കെ.സി പക്ഷത്തെ നേതാക്കളെ ലക്ഷ്യമിട്ടുള്ള പ്രചാരണമായാണ് ഈ നീക്കത്തെ ഗ്രൂപ്പിലെ ചിലർ കാണുന്നത്. എന്നാൽ വാർത്ത ചോർത്തിയത് ആരാണെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
മുൻപും തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി എ.പി അനിൽകുമാർ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പുതിയ സംഭവവികാസങ്ങളിൽ അദ്ദേഹം പാർട്ടിക്ക് പരാതി നൽകുമോയെന്ന കാര്യവും വ്യക്തമല്ല. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കളിൽ ചിലർ സൈബർ ആക്രമണത്തിനെതിരെ രംഗത്തുവന്നതായും വിവരമുണ്ട്.
മന്ത്രിസഭാ യോഗത്തിലെ തർക്കത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ പ്രതികരണവുമായി മന്ത്രി കെ.എം ഷാജിയും രംഗത്തെത്തി. തർക്കമുണ്ടാകുന്നത് അസ്വാഭാവികമല്ലെന്നും നിയമസഭയിലേക്കും മന്ത്രിസഭയിലേക്കും എത്തുന്നത് തർക്കിക്കാൻ ശേഷിയുള്ളവരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“ആരെങ്കിലും പറയുന്നത് മൂളിക്കേൾക്കാൻ പോകുന്നതല്ല. മുന്നിലിരിക്കുന്നത് രാജാവും തങ്ങൾ പ്രജകളുമല്ല. ചോദിക്കാനുള്ളത് സംഘടനയ്ക്ക് അകത്തും പുറത്തും ചോദിച്ചാണ് ശീലം. അത് മന്ത്രിസഭയ്ക്കകത്താണെങ്കിലും ചോദിക്കും” എന്നായിരുന്നു പ്രതികരണം.
മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചെങ്കിലും പുറത്തുവന്ന വാർത്തകളിൽ പറയുന്നതുപോലെയുള്ള തർക്കമല്ല നടന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ യോഗത്തിനുള്ളിലെ തർക്കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും സൈബർ പോരാട്ടവും കൂടുതൽ ചർച്ചയാവുകയാണ്.
മന്ത്രിസഭയിലെ ഒരു വിഷയത്തിൽ തുടങ്ങിയ വിയോജിപ്പ് പാർട്ടിയുടെ സംഘടനാ സംവിധാനത്തിലേക്കും മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിലേക്കും വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാനിരിക്കുന്ന ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും പാർട്ടിക്കുള്ളിലെ കൂടിയാലോചനകളിലും ഈ തർക്കം എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

