KSDLIVENEWS

Real news for everyone

പുകപരിശോധന സർട്ടിഫിക്കറ്റ്; വൻ മാറ്റവുമായി കേന്ദ്ര സർക്കാർ,ബിഎസ് 6 വാഹനങ്ങൾക്ക് മൂന്ന് വർഷംവരെ കാലാവധി

SHARE THIS ON

ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധി സംബന്ധിച്ച ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് പുതുക്കേണ്ട സമയപരിധികളിൽ മാറ്റം വരുത്തിക്കൊണ്ടാണ് വിജ്ഞാപനം. നവംബർ 13-ന് വിജ്ഞാപനം ചെയ്ത പുതുക്കിയ ചട്ടത്തിൽ ബിഎസ് 6 വാഹനങ്ങൾക്ക് പുകപരിശോധന സർട്ടിഫിക്കറ്റിന് മൂന്ന് വർഷംവരെ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും വാഹനങ്ങളുടെ പഴക്കം നിശ്ചയിക്കുക.

പുതുക്കിയ ചട്ടം ഇങ്ങനെ

ബിഎസ്-6 (സ്വകാര്യ വാഹനങ്ങൾ)

രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്ക് PUC സർട്ടിഫിക്കറ്റുകൾക്ക് മൂന്ന് വർഷത്തെ സാധുത ഉണ്ടായിരിക്കും
ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർഷവും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടതുണ്ട്
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ ആറ് മാസത്തിലും സർട്ടിഫിക്കറ്റുകൾ പുതുക്കേണ്ടി വരും.
ബിഎസ്-6 (വാണിജ്യ വാഹനങ്ങൾ)

രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷംവരെ രണ്ട് വർഷത്തിലൊരിക്കൽ പുക പരിശോധന സർട്ടിഫിക്കറ്റ് എടുത്താൽ മതി.
ആറ് വർഷത്തിൽ കൂടുതലും എന്നാൽ 10 വർഷത്തിൽ താഴെയും പഴക്കമുള്ള വാഹനങ്ങൾക്ക് വർഷത്തിലൊരിക്കൽ പുതുക്കണം
പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ ആറ് മാസത്തിലൊരിക്കൽ പുതുക്കണം
ബിഎസ്-1, ബിഎസ്-2, ബിഎസ്-3

ഈ കാറ്റഗറിയിലുള്ള എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിലൊരിക്കൽ പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശംവെക്കണം
ബിഎസ്-4

ഈ കാറ്റഗറിയിലുള്ള എല്ലാ വാഹനങ്ങളും ആറ് മാസത്തിലൊരിക്കൽ പുക പരിശോധന നടത്തി സർട്ടിഫക്കറ്റ് കൈവശംവെക്കണം
നിലവിലുള്ള സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ

പുതിയ ഭേദഗതി ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപ് എടുത്ത പുക പരിശോധന സർട്ടിഫിക്കറ്റുകൾക്ക്, ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ പുതുക്കലിന് ശേഷമായിരിക്കും മുകളിൽ പറഞ്ഞ പുതിയ കാലാവധി ബാധകമാവുക.
നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് 10 ദിവസം മുൻപുള്ള കാലയളവിൽ പുതുക്കുകയാണെങ്കിൽ, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ലഭിക്കുക.
കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ, പുതുക്കുന്ന തീയതി മുതൽക്കായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ഉണ്ടായിരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!