പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ്: കാൽ നഷ്ടമായ അബ്ദുൽ ജബ്ബാറിന് സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി

കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ, കാൽ നഷ്ടമായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാറിന് സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി.കൃത്രിമക്കാൽ വെച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അബ്ദുൽ ജബ്ബാറിനെ വിളിച്ചു. അനാസ്ഥ വരുത്തിയവർക്കെതിരെ നടപടിയാണ് ആവശ്യമെന്ന് അബ്ദുൽ ജബ്ബാർ അറിയിച്ചു. അബ്ദുൽ ജബ്ബാർ താലൂക്ക് ആശുപത്രിയിൽ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
ജൂലൈ 26ന് രാത്രി അസഹ്യമായ കാലുവേദനയെ തുടർന്നാണ് അബ്ദുൽ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. മരുന്ന് നൽകി തിരിച്ചയച്ചു. പുലർച്ചെ വീണ്ടും എത്തി . അപ്പോഴും മരുന്നു നൽകി തിരിച്ചയച്ചു. 27ന് ഉച്ചയ്ക്ക് സർജൻ വന്ന പരിശോധിച്ചപ്പോഴാണ് വലതുകാലിൻ്റെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും ഉടൻ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകണമെന്നും പറഞ്ഞത്. പിന്നീട് കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ഇതായിരുന്നു പരാതിയ്ക്ക് അടിസ്ഥാനം.
എന്നാൽ 26ന് രണ്ടാമത് എത്തിയപ്പോൾ തന്നെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തുവെന്നും അബ്ദുൽ ജബ്ബാർ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് മടങ്ങുന്നു എന്ന് ഒപ്പിട്ടു നൽകി എന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് നൽകിയ വിശദീകരണം. എന്നാൽ 26ന് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അബ്ദുൽ ജബ്ബാർ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു

