KSDLIVENEWS

Real news for everyone

ഷുക്കൂർ വധക്കേസ്; സിബിഐയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി, ഗൂഢാലോചന തെളിയാക്കാനായില്ല

SHARE THIS ON

കൊച്ചി: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐയുടെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. ഗൂഢാലോചന തെളിയിക്കാനാകാഞ്ഞത് സിബിഐക്ക് തിരിച്ചടിയായി, കേസിലെ പ്രധാനപ്പെട്ട മൂന്ന് സാക്ഷികളെ സിബിഐ വിസ്തരിക്കാതെ ഒഴിവാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന പ്രധാന സാക്ഷികളുടെ മൊഴിയില്ല, പ്രധാന പ്രതികളുടെ കോൾ രേഖകൾ സിബിഐ ശേഖരിച്ചില്ല എന്നും കോടതി വിധി പകർപ്പിൽ വ്യക്തമാക്കി.

17 മാസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അരിയിൽ ഷുക്കൂർ വധക്കേസിൽ വിധിപറഞ്ഞത്. 31 പ്രതികളാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. അതിൽ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 18 പേരെ കോടതി വെറുതെവിടുകയും ചെയ്തു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെവിട്ടത്.

കേസിൽ ഇത്രയും പ്രതികളെ വെറുതെവിട്ടത് സിബിഐയേയും പ്രോസിക്യൂഷനെയും സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അതേസമയം, കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളിൽ ഏഴുപേർക്ക് കോടതി ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. ഒന്നാംപ്രതി കെ.വി. സുമേഷ്, അനൂപ്, പവിത്രൻ, മനോഹരൻ പി.വി., മൈന ദിനേശൻ, ബിജു മോൻ, ഷിജിൻ മോഹൻ. 

കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ മറ്റ് ആറുപേർക്ക് രണ്ടുവർഷമാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവുശിക്ഷ രണ്ട് വർഷമാണ് എന്നതുകൊണ്ടുതന്നെ അവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട് കോടതി. കേസിലെ ഗൂഢാലോചന തെളിയിക്കാനായില്ല എന്നതാണ് സിബിഐക്ക് സംഭവിച്ച ഏറ്റവും വലിയ തിരിച്ചടി. ഗൂഢാലോചനയ്ക്ക് സാക്ഷിയായവരെ കോടതിയിൽ എത്തിക്കാൻ അന്വേഷണസംഘത്തിനായില്ല. പ്രതികളെ സംഭവങ്ങളുമായി കോർത്തിണക്കുന്നതിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ട്.

കേസിലെ രണ്ടാംപ്രതി പി. ഗണേശനാണ് ഷുക്കൂറിനെ ആദ്യം വയറ്റിൽ കുത്തിയത് എന്നാണ് സിബിഐ മുന്നോട്ടുവെച്ചിരുന്ന വാദം. എന്നാൽ ഇയാളെ കോടതി വെറുതെവിടുന്ന സ്ഥിതിയാണ് ഉണ്ടായത്. സിബിഐയെ സംബന്ധിച്ചിടത്തോളം കേസിലെ തുടർനീക്കങ്ങൾ എന്തൊക്കെ എന്നത് വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ ശിക്ഷിക്കപ്പെട്ട പ്രതികളും അപ്പീലുമായി മേൽക്കോടതിയെ സമീപിക്കും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!