KSDLIVENEWS

Real news for everyone

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

SHARE THIS ON

തിരുവനന്തപുരം: കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭയാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെപിസിസി അധ്യക്ഷനുമായി പോലും ചർച്ചകൾ നടത്തുന്നില്ല. മുന്നണിയേയോ പാർട്ടിയേയോ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ല. വാഗ്ദാനങ്ങളിൽ നിന്നുള്ള യു ടേണാണ് കഴിഞ്ഞ ആറ് മാസത്തെ ഭരണമെന്നും പിണറായി വിജയന്റെ വിമർശനം. സർക്കാർ അധികാരത്തിൽ എത്തി 6 മാസം തികഞ്ഞു. പൊതു അഭിപ്രായം എന്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തെന്നും അദേഹം പറഞ്ഞു.

നിഷേധിക്കാനാകാത്ത കാര്യങ്ങളാണ് മന്ത്രിസഭയിൽ നിന്ന് പുറത്തു വന്നത്. ടീം യുഡിഎഫ് ഇല്ലാതായിക്കഴിഞ്ഞെന്ന് പിണറായി വിജയൻ വിമർശിച്ചു. യുഡിഎഫ് വിഘടിതരൂപമായി മാറിയതിന് കാരണം മുഖ്യമന്ത്രി. അത് ജനാധിപത്യ സൗന്ദര്യം എന്ന് പറഞ്ഞാൽ ആർക്കും മനസിലാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിക്കാണ്. സാധാരണ ഗതിയിൽ തിരുത്തുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ പൊതു അഭിപ്രായം സ്വീകരിക്കുന്ന നിലയല്ല മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ആ വീണ്ടുവിചാരം ഉണ്ടാകുന്നില്ല. മുൻ സർക്കാരിനെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വിതണ്ഡ വാദങ്ങൾ ഉന്നയിക്കുകയാണ്. കഴിഞ്ഞ സർക്കാരിനെയും ഈ സർക്കാരിനെയും താരതമ്യപ്പെടുത്തുന്നില്ല. അത് ജനങ്ങൾ ചെയ്യട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയിൽ ഇങ്ങനെ ഉണ്ടായതിന് ഉദാഹരണം ഉണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചു. എൽ‌ഡിഎഫ് മന്ത്രിസഭയിൽ ഇങ്ങനെ ഒരു പ്രശ്നവും ഉയർന്ന് വന്നിട്ടില്ല. പാർട്ടിയെ വിശ്വാസത്തിൽ എടുക്കാത്ത മുഖ്യമന്ത്രിയുടെ സമീപനത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. മന്ത്രിമാരുടെ പ്രതികരണം ഏകധിപത്യത്തിന് എതിരെയാണ്. വാഗ്ദാനങ്ങളിൽ നിന്നുള്ള യു ടേൺ ആണ് സംഭവിക്കുന്നതെന്നും മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാരിൻറെ ദിശ ആറുമാസക്കാലം വ്യക്തമാക്കിയിട്ടുണ്ട്. കുത്തകൾക്ക് വിടുപണി ചെയ്യുന്ന കുത്തക ദാസ്യം നല്ലതോതിൽ നിർവഹിക്കുന്ന സർക്കാരായി മാറിയെന്ന് പിണറായി വിജയൻ വിമർ‌ശിച്ചു. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമാണ്. ബിജെപിക്ക് ഈ സർക്കാരിനെ കുറിച്ച് നല്ല മതിപ്പ്. തങ്ങളുടെ സർക്കാർ എന്നാണ് ആർഎസ്എസ്, യുഡിഎഫ് സർക്കാരിനെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!