KSDLIVENEWS

Real news for everyone

അക്വാന്‍ ചുഴലിക്കാറ്റ് തീരത്തടുത്തു; ഒഡിഷയിലും ആന്ധ്രയിലും കനത്ത ജാഗ്രത, 69 ട്രെയിനുകള്‍ റദ്ദാക്കി

SHARE THIS ON

വിശാഖപട്ടണം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ‘അക്വാന്‍’ തീരപതനം ആരംഭിച്ചു. തെക്കൻ ഒഡിഷ തീരമേഖലയായ ഗോപാല്‍പൂരിനും പുരിക്കും ഇടയിലായാണ് കാറ്റ് തീരം തൊടുക. അടുത്ത മൂന്ന് മണിക്കൂര്‍ കാറ്റ് തീരത്ത് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം വെള്ളിയാഴ്ച രാവിലെ ഏഴിന് അറിയിച്ചു. അതേസമയം, അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിലായിരുന്ന കാറ്റിന്റെ വേഗം കുറഞ്ഞ് ചുഴലിക്കാറ്റ് വിഭാഗത്തിലേക്ക് മാറിയത് നാശനഷ്ടങ്ങള്‍ കുറയ്ക്കും. മണിക്കൂറില്‍ 70-80 കി.മീറ്റര്‍ ആയിരിക്കും വേഗം.

കാറ്റിനെ നേരിടാന്‍ ഒഡിഷ, ആന്ധ്ര സര്‍ക്കാരുകള്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒഡിഷയില്‍ മൂന്ന് ലക്ഷത്തിലേറെ പേരെയാണ് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 423 ദുരന്തപ്രതികരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. 9341 സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സംസ്ഥാനത്ത് സജ്ജമാക്കി.

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 41 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 29 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ 28 ട്രെയിനുകള്‍ റദ്ദാക്കി. തീര്‍ഥാടന നഗരമായ പുരിയിലേക്കുള്ള മിക്ക ട്രെയിനുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്.

24 ദിവസത്തിനിടെ ഒഡിഷയില്‍ വീശുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് അക്വാന്‍. ആദ്യം ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാറ്റ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗതി മാറുകയായിരുന്നു.

ഇറാനാണ് കാറ്റിന് അക്വാന്‍ എന്ന് പേര് നല്‍കിയത്. നേരത്തെ അര്‍ണബ്, മുരശ് എന്നീ കാറ്റുകള്‍ ആന്ധ്ര-ഒഡിഷ തീരത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. 7000 കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!