സ്വർണം, വെള്ളി, നോട്ടുകെട്ടുകൾ; കൈക്കൂലിക്കേസിൽ പിടിയിലായ ജിഎസ്ടി ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തത് 1.86 കോടിയുടെ സ്വത്ത്

പഞ്ച്കുള: കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ അറസ്റ്റ് ചെയ്ത ജിഎസ്ടി സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് 1.86 കോടി രൂപ മൂല്യമുള്ള പണവും സ്വർണ- വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. ഹരിയാനയിലെ പഞ്ച്കുളയിലുള്ള ജിഎസ്ടി സൂപ്രണ്ട് ലവ്കുശ് കുമാറിന്റെ വസതിയിലാണ് സിബിഐ പരിശോധന നടത്തിയത്. വ്യാഴാഴ്ച ഒരു വ്യവസായിയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലവ്കുശ് കുമാറിനെ സിബിഐ കെണിയൊരുക്കി പിടികൂടിയതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. വെള്ളിയാഴ്ച ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ സമ്പാദ്യം കണ്ടെത്തിയത്.
കണ്ടെടുത്തത് കോടികളുടെ സമ്പാദ്യം
പരിശോധനയിൽ 24.29 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും 15.65 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും വീട്ടിൽ നിന്ന് കണ്ടെടുത്തതായി സിബിഐ അറിയിച്ചു. ഇതിനുപുറമെ, ഏകദേശം 1.46 കോടി രൂപ മൂല്യമുള്ള സ്വർണ- വെള്ളി ആഭരണങ്ങളും സ്വർണക്കട്ടികളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ ആകെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം ഏകദേശം 1.86 കോടി രൂപയായി. ആറ് ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ പദ്ധതികൾ, ലൈഫ് ഇൻഷുറൻസ് പോളിസികൾ, നിരവധി സ്ഥാവര സ്വത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും സിബിഐ കണ്ടെടുത്തു. പ്രതിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള വാഹനങ്ങളുടെ രേഖകളും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.
പരാതിക്കാരനായ വ്യവസായിയുടെ സ്ഥാപനത്തിനെതിരെയുള്ള ജിഎസ്ടി നടപടികളിൽ അനാവശ്യ ഇളവുകൾ നൽകുന്നതിനായി ഉദ്യോഗസ്ഥൻ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ”സ്ഥാപനത്തിനെതിരെയുള്ള ജിഎസ്ടി നടപടികളിൽ കനത്ത പിഴ ചുമത്താതിരിക്കാനും തുടർ നോട്ടീസുകൾ അയക്കാതിരിക്കാനും വേണ്ടി പ്രതിയായ സൂപ്രണ്ട് സ്വകാര്യ സ്ഥാപനത്തിലെ പങ്കാളിയായ പരാതിക്കാരനിൽ നിന്ന് 50 ലക്ഷം രൂപ അനധികൃതമായി ആവശ്യപ്പെട്ടെന്നാണ് ആരോപണം”- ലവ്കുശ് കുമാറിന്റെ അറസ്റ്റിന് പിന്നാലെ സിബിഐ വക്താവ് ബീന യാദവ് പ്രസ്താവനയിൽ വ്യക്തമാക്കി. പിന്നീട് ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ കൈക്കൂലി തുക 20 ലക്ഷം രൂപയായി കുറയ്ക്കുകയും, ആദ്യ ഗഡുവായി 10 ലക്ഷം രൂപ നൽകാൻ ധാരണയാവുകയും ചെയ്തതായാണ് വിവരം. പരാതിയിലെ ആരോപണങ്ങളിൽ പ്രാഥമിക പരിശോധനയിൽ തന്നെ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.

