പയ്യന്നൂർ ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു

കണ്ണൂര്‍: സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ ആദ്യത്തെ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാര്‍. ഇതില്‍ രണ്ടും മൂന്നും പ്രതികള്‍ സഹോദരന്മാരാണ്. എന്നാൽ, സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ക്രൂരമായ കൊലപാതകമാണെന്ന് നിരീക്ഷിച്ച കോടതി, ശിക്ഷാവിധിയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം കേൾക്കുമെന്നും അന്തിമ ശിക്ഷ മറ്റന്നാൾ വിധിക്കുമെന്നും അറിയിച്ചു. ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് നാല് മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടത്. പ്രജീഷ് സജീവ സി.പി.എം പ്രവർത്തകനും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനുമാണെന്നും, ഇദ്ദേഹത്തിന്റെ മൊഴിയിൽ മറ്റ് സാക്ഷികളുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
എന്നാൽ കൊല്ലപ്പെട്ടയാളുടെ അമ്മയുടെ സാക്ഷിമൊഴി കോടതി പൂർണ്ണമായും സ്വീകരിച്ചു. അമ്മയ്ക്ക് പ്രതികളിൽ ചിലരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, സംഭവസമയത്തെ അവരുടെ മാനസികാവസ്ഥ പരിഗണിക്കുമ്പോൾ അത് സ്വാഭാവികമാണെന്ന് കോടതി വ്യക്തമാക്കി. കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും, മാധ്യമ വാർത്തകളിലൂടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. പകരം, വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികൾ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
കൊല്ലാൻ ഒരു വെട്ട് മതിയല്ലോയെന്നും ഇത് മോഷണമോ പിടിച്ചുപറിയോ അല്ലെന്നും ധൻരാജ് വാളുകൊണ്ട് സ്വയം വെട്ടി മരിച്ചതല്ലെന്നും പ്രതിഭാഗം അഭിഭാഷകനോട് ജഡ്ജി പറഞ്ഞു. ധൻരാജ് വെട്ടേറ്റ് കിടക്കുന്ന ഫോട്ടോ ഉയർത്തിക്കാട്ടി. 37 വെട്ടാണ് വെട്ടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതൊരു രാഷ്ട്രീയ കേസ് ആണെന്ന് എങ്ങനെ പറയും? ഇത് ഗുണ്ടാസംഘം ചെയ്യുന്ന പണിയാണ്. സമരം ചെയ്ത കേസല്ല, ആളെ വെട്ടിക്കൊന്ന കേസാണെന്ന് ജഡ്ജി പ്രതിഭാഗത്തോട് പറഞ്ഞു.
ഒന്നാം പ്രതി ടി.പി. ബിജു കേസിലെ രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർ സഹോദരങ്ങളാണ്. ഈ കേസിനെ അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലെന്നും വധശിക്ഷ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എങ്കിലും ശിക്ഷയിൽ ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും പരമാവധി ശിക്ഷ തന്നെ നൽകുമെന്നും കോടതി അറിയിച്ചു.

