പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള വരവ്: സോണിയ ഗാന്ധിയെ തള്ളി പറഞ്ഞ് പോയവര്‍ വരെ തിരിച്ച് വന്നിട്ടുണ്ട്; പാര്‍ട്ടി നേതൃത്വം ഉചിതമായ തീരുമാനം എടുക്കും: മന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശന ചർച്ചകളിലും പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിലും നിലപാട് വ്യക്തമാക്കി മന്ത്രി ടി. സിദ്ദിഖ്. തെറ്റ് തിരുത്തി മടങ്ങിവരുന്നവരെ കോൺഗ്രസ് സ്വീകരിക്കാതിരിക്കില്ലെന്നും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും ടി. സിദ്ദിഖ് പറഞ്ഞു. കോൺഗ്രസ് ഇരുമ്പുമറയുള്ള ഗ്യാസ് ചേംബറല്ലെന്നും അഭിപ്രായങ്ങൾ പറയുന്നതിന് ചില പരിധികൾ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ പോലും തള്ളിപ്പറഞ്ഞ് പാർട്ടി വിട്ടവർ മുൻപ് തെറ്റ് തിരുത്തി തിരിച്ചെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, മുഴുസമയ കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യങ്ങളും അധ്യക്ഷ സ്ഥാനത്തേക്കുള്ള അവകാശവാദങ്ങളും പാർട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങളാണെന്ന് ടി. സിദ്ദിഖ് വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ പരസ്യമായി പുറത്ത് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പ് പോരില്ലെന്നും ഒരു തരത്തിലുമുള്ള നെഗറ്റീവ് അന്തരീക്ഷം പാർട്ടിയിലില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടി വേദിയിലും കാബിനറ്റിലും തങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി പറയാറുണ്ടെന്നും പുറത്തുവരുന്ന ഭിന്നത വാർത്തകൾ വെറും സാമൂഹ്യമാധ്യമ പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളിലേക്ക് കെ.സി വേണുഗോപാലിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എ.പി. അനിൽകുമാർ ജനസമ്മതനായ കോൺഗ്രസിന്റെ മുഖമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

