അമേരിക്കൻ യുദ്ധഭീഷണിക്കൊപ്പം വായുമലിനീകരണവും; ഇറാനിൽ ശ്വാസംമുട്ടി ജനങ്

തെഹ്റാൻ: അമേരിക്കൻ യുദ്ധഭീഷണിക്കിടെ രൂക്ഷമായ വായുമലിനീകരണംകൂടി ഇറാനിലെ ജനജീവിതം ദുസ്സഹമാക്കുന്നു. തലസ്ഥാനമായ തെഹ്റാനിലടക്കം പ്രധാന നഗരങ്ങളിൽ മലിനീകരണം വർധിച്ചതോടെ ശ്വാസതടസ്സം, തലവേദന, കാഴ്ചമങ്ങൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാകുകയാണ്. മലിനീകരണം രൂക്ഷമാകുന്ന ദിവസങ്ങളിൽ ജോലിക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാലാവസ്ഥാ വിവരങ്ങൾ അറിയാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ആപ്പുകൾ നിലവിൽ വായുവിലെ സൂക്ഷ്മകണങ്ങളായ പി.എം 2.5ന്റെ അളവ് പരിശോധിക്കാനാണ് നിലവിൽ തെഹ്റാൻ നിവാസികൾ കൂടുതലായി ഉപയോഗിക്കുന്നത്. ദീർഘകാലം ഇത്തരം കണങ്ങൾ ശ്വസിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ശൈത്യകാലത്താണ് ഇറാനിൽ വായുമലിനീകരണം ഏറ്റവും രൂക്ഷമാകുന്നത്. അന്തരീക്ഷത്തിലെ ചൂടുള്ള വായുപാളി തണുത്ത വായുവിനെയും മലിനീകരണ വസ്തുക്കളെയും ഭൂമിയുടെ ഉപരിതലത്തിനടുത്ത് തടഞ്ഞുനിർത്തുന്ന ‘ടെംപറേച്ചർ ഇൻവേർഷൻ’ പ്രതിഭാസമാണ് ഇതിന് പ്രധാന കാരണം. തെഹ്റാനു പുറമേ മഷ്ഹദ്, ഇസ്ഫഹാൻ, ഷിറാസ്, തബ്രിസ്, അഹ്‌വാസ് തുടങ്ങിയ നഗരങ്ങളും മലിനീകരണത്തിന്റെ പിടിയിലാണ്.
മലിനീകരണം രൂക്ഷമാകുന്ന ദിവസങ്ങളിൽ സ്കൂളുകളിലെ പുറംകായിക പ്രവർത്തനങ്ങൾ റദ്ദാക്കും. വായുഗുണനിലവാര സൂചിക 140ന് മുകളിലെത്തുമ്പോൾ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ചില ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന്റെ അവസാന അക്കങ്ങൾ അടിസ്ഥാനമാക്കി ഒറ്റ-ഇരട്ട നിയന്ത്രണം ഏർപ്പെടുത്തുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്യും. സർവകലാശാലകളിലെ ചില ക്ലാസുകൾ ഓൺലൈനിലേക്കും മാറ്റും.
വായുമലിനീകരണം രൂക്ഷമാകുന്നതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനയുണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ശൈത്യകാലത്ത് ശ്വാസകോശ, ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നുള്ള ആശുപത്രി സന്ദർശനങ്ങൾ 50 ശതമാനം വരെ വർധിക്കുന്നതായി ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആസ്ത്മ, ശ്വാസകോശരോഗങ്ങൾ എന്നിവക്ക് പുറമേ കണ്ണ്, ചർമം സംബന്ധമായ പ്രശ്നങ്ങളും കൂടുന്നുന്നതായാണ് റിപ്പോർട്ടുകൾ. കുട്ടികളും പ്രായമായവരുമാണ് മലിനീകരണത്തിന്റെ ആഘാതം കൂടുതൽ നേരിടുന്നത്.
മലിനീകരണം രൂക്ഷമാകുമ്പോൾ ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനായി പ്രധാന നഗരങ്ങളിലെ പൊതുസ്ഥലങ്ങളിൽ പ്രത്യേക സൗകര്യങ്ങളുള്ള ബസുകൾ വിന്യസിക്കുന്നുണ്ട്. അമേരിക്കയുമായുള്ള യുദ്ധസാഹചര്യം വീണ്ടും രൂക്ഷമായാൽ സ്കൂളുകൾ അടച്ചിടേണ്ടിവരുമെന്ന ആശങ്കക്കിടെ, മലിനീകരണത്തെ തുടർന്നുള്ള സ്കൂൾ അടച്ചിടൽ സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പ്രാദേശിക വിദ്യാഭ്യാസ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉയർന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക, റിഫൈനറികളിൽനിന്നുള്ള ഗ്യാസ് ഫ്ലെയറിങ് കുറക്കുക തുടങ്ങിയ നടപടികളാണ് മലിനീകരണം നിയന്ത്രിക്കാൻ ഇറാൻ പരിസ്ഥിതി വകുപ്പ് സ്വീകരിക്കുന്നത്. എന്നാൽ ഇവയൊന്നും ജനങ്ങളുടെ ആശങ്കക്ക് പൂർണ പരിഹാരമായിട്ടില്ല.

