KSDLIVENEWS

Real news for everyone

ഒരു മണിക്കൂറിലെ പെരുമഴ! തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരു മണിക്കൂറോളം വെള്ളത്തിനടിയിലായി

SHARE THIS ON

ഒരു മണിക്കൂറിൽ പെയ്ത പെരുമഴയിൽ തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരു മണിക്കൂറോളം നേരം വെള്ളത്തിനടിയിലായി. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒൻപത് സെന്റീമീറ്റർ (91 മില്ലിമീറ്റർ) മഴയാണ് ലഭിച്ചത്. തുലാവർഷകാലത്ത് ലഭിക്കുന്ന ശക്തമായ മഴയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തുടർന്ന് തമ്പാനൂരിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും സമീപവും എസ്.എസ്. കോവിൽ റോഡിലും വഞ്ചിയൂർ, കുന്നുകുഴി, കവടിയാർ, കരമന എന്നിവിടങ്ങളിലും കയറിയ വെള്ളം ഒരു മണിക്കൂറിൽ ഇറങ്ങി തുടങ്ങി .
തമ്പാനൂരിലും കിഴക്കേക്കോട്ടയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
ഓടകൾ വൃത്തിയാക്കുകയും റെയിൽവേ മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ഒറ്റ മണിക്കൂറിലെ മഴയിൽ നഗരം വെള്ളക്കെട്ടിലായത് ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന്റെ രൂക്ഷത ഒരിക്കൽ കൂടി തുറന്നുകാട്ടി.

പല റോഡുകളിലും മുട്ടൊപ്പം വെള്ളം ഉയർന്നതോടെ ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തിൽ മുങ്ങി. കെഎസ്ആർടിസി ബസുകളും മറ്റ് വാഹനങ്ങളും വഴിതിരിച്ചുവിട്ടു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും മുന്നിലെ റോഡ് പൂർണമായി വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചു. ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു. റോഡിൽ മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് നൂറുകണക്കിന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും എത്തിയത്.
തമ്പാനൂർ എസ്എസ് കോവിൽ റോഡിലാണ് വെള്ളക്കെട്ട് ഏറ്റവും രൂക്ഷമായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ചില ഇരുചക്രവാഹനങ്ങൾ ഒഴുക്കിൽ മറിഞ്ഞുവീണു.

പ്രദേശത്തെ കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം ഇരച്ചുകയറിയത് വലിയ നാശനഷ്ടമുണ്ടാക്കി.ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും കവിഞ്ഞൊഴുകി റോഡുകളിലേക്ക് എത്തിയത് ദുരിതം ഇരട്ടിയാക്കി.

വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരസഭക്കെതിരെ സിപിഎമ്മും കോൺഗ്രസും രൂക്ഷമായ വിമർശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!