KSDLIVENEWS

Real news for everyone

കുമ്പളയിലെ ബസ്സ്റ്റാന്റ് പ്രശ്‌നം; ബസ് ജീവനക്കാരും വ്യാപാരികളും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നു

SHARE THIS ON

കുമ്പള: കുമ്പളയിലെ ബസ്സ്റ്റാന്റ് പ്രശ്നത്തില്‍ ബസ് ജീവനക്കാരും വ്യാപാരികളും കൊമ്പുകോര്‍ക്കുന്നു. ഒരു വര്‍ഷത്തോളമായി വ്യാപാരികളും ബസ് ജീവനക്കാരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ട് മര്‍ച്ചന്റ്സ് യൂത്ത് വിങ്ങിലെ ചില വ്യാപാരികള്‍ സീതാംഗോളിയില്‍ നിന്ന് കുമ്പളയിലേക്ക് വരുന്ന സ്വകാര്യ ബസില്‍ കയറുകയും ബസ് പുതിയ ബസ് ഷെല്‍ട്ടറിനടുത്ത് യാത്രക്കാരെ  ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തു. സീതാംഗോളിയില്‍ നിന്ന് ബസില്‍ കയറിയ വ്യാപാരികള്‍ ബസ് പഴയ ബസ്സ്റ്റാന്റില്‍  യാത്രക്കാരെ ഇറക്കണമെന്ന് ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതോടെ വാക്കുതര്‍ക്കം നടന്നു. 
ചില ഓട്ടോ ഡ്രൈവര്‍മാര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ പ്രശ്‌നം രൂക്ഷമായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഒരു വര്‍ഷം മുമ്പാണ് കുമ്പള പഞ്ചായത്ത് ഭരണസമിതി ബദിയടുക്ക റോഡില്‍ ബസ് ഷെട്ടര്‍ നിര്‍മ്മിച്ചത്. കാസര്‍കോട്, തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകളും ട്രാന്‍സ്‌പോര്‍ട്ട് ബസുകളും കുമ്പള ടൗണില്‍ ഒരിടത്തും നിര്‍ത്താതെ ബസ് ഷെര്‍ട്ടറില്‍ യാത്രക്കാരെ ഇറക്കണമെന്നും ഇവിടെ നിന്ന് തന്നെ യാത്രക്കാരെ കയറ്റി പോകണമെന്നുമാണ് പഞ്ചായത്തെടുത്ത തീരുമാനം. അതുപോലെ ബദിയടുക്ക, പെര്‍ള, കളത്തൂര്‍, പേരാല്‍-കണ്ണൂര്‍ പോകുന്ന ബസുകള്‍ നേരത്തെ കുമ്പള ടൗണിന്റെ വിവിധ സ്ഥലങ്ങളില്‍ യാത്രക്കാരെ ഇറക്കുകയും ബദിയടുക്ക റോഡിന് സമീപത്തെ മാര്‍ജിന്‍ ഫ്രീക്ക് സമീപത്ത് യാത്രക്കാരെ കയറ്റി ബസുകള്‍ പുറപ്പെടുകയുമായിരുന്നു. ഷെല്‍ട്ടര്‍ നിലവില്‍ വന്നതോടെ ഈ ഭാഗങ്ങളില്‍ വരുന്ന ബസുകള്‍ ഷെല്‍ട്ടറിന്റെ സമീപത്ത് വെച്ച് യാത്രക്കാരെ  ഇറക്കുന്നു. ഷെല്‍ട്ടറിന്റെ മുന്‍വശത്ത് റോഡരികില്‍ നിന്നാണ് യാത്രക്കാരെ കയറ്റി ബസുകള്‍ പുറപ്പെടുന്നത്. യാത്രക്കാര്‍ കുമ്പള ടൗണില്‍ എത്താത്തതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടം ഇടിഞ്ഞു. അതുപോലെ കുമ്പള പൊലീസ് സ്റ്റേഷന്‍,  വില്ലേജ് ഓഫീസ്, വൈദ്യുതി ഓഫീസ്, ഗോപാലകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. വിദ്യാര്‍ത്ഥികളടക്കം കിലോമീറ്ററോളം നടന്നുവേണം ഇവിടങ്ങളില്‍ എത്താന്‍. ഇതോടെ പ്രശ്‌നം രൂക്ഷമാകുകയും ബദിയടുക്ക ഭാഗത്ത് നിന്നും പെര്‍ള, പേരാല്‍-കണ്ണൂര്‍, കളത്തൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ കുമ്പള ടൗണിന്റെ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്താന്‍  പഞ്ചായത്ത് അധികൃതരും പൊലീസും ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടാകുന്നില്ല.
പിന്നീട് വ്യാപാരികളും ചില സംഘടനകളും പഞ്ചായത്തിലേക്ക് സമരപരിപാടികളും ഹര്‍ത്താലും നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന് വ്യാപാരികളെയും ബസ് ജീവനക്കാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!