KSDLIVENEWS

Real news for everyone

കസ്റ്റഡി അപേക്ഷ തള്ളി: എം.സി. ഖമറുദ്ദീൻ എം.എൽ.എ.യെ ജയിലിൽ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി

SHARE THIS ON

കാഞ്ഞങ്ങാട്:ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എം.സി. ഖമറുദ്ദീൻ എം.എൽ.എ.യെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ അനുമതി. കേസന്വഷിക്കുന്ന പ്രത്യേകസംഘം സമർപ്പിച്ച അഞ്ച് കസ്റ്റഡി അപേക്ഷ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി തള്ളി. 129 ക്രൈം നമ്പർ പ്രകാരമുള്ള ഒരു കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണ് മജിസ്ട്രേറ്റ് ബി. കരുണാകരൻ ജയിലിലെത്തി ചോദ്യം ചെയ്യാനുള്ള അനുമതി നൽകിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.വി. പ്രദീപ് സമർപ്പിച്ച അപേക്ഷയിന്മേലാണ് ഈ അനുമതി.
കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോൾ ഖമറുദ്ദീന്റെ ആരോഗ്യനില വഷളാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പി.കെ. ചന്ദ്രശേഖരൻ കോടതിയെ അറിയിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അഞ്ചുദിവസം ചികിത്സയിൽ കഴിഞ്ഞതും രക്തധമനിയിൽ തടസ്സമുണ്ടെന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുമെല്ലാം പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. നേരത്തെ രണ്ടുതവണ കസ്റ്റഡിയിൽ വിട്ടതാണെന്നും എല്ലാ കേസുകളുടെയും പൊതുസ്വഭാവം ഒന്നാണെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം ജാമ്യാപേക്ഷ കോടതി തള്ളി. കൂടുതൽ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!