KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയില്‍

SHARE THIS ON

നിലമ്പൂർ : പ്രളയകാലത്ത് ദുരിതമനുഭവിച്ച നിലമ്പൂരുകാർക്ക് വയനാട് എം.പി. രാഹുൽഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാത്ത നിലയിൽ കെട്ടിക്കിടക്കുന്നു. ഇതുമൂലം ഭക്ഷ്യകിറ്റിലെ അരി ഉൾപ്പെടെയുള്ള സാധനങ്ങൾ പുഴുവരിച്ച നിലയിലാണ്.

കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിക്ക് നൽകിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂർ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയിൽ കെട്ടിക്കിടക്കുന്നത്. കടമുറി വാടകയ്ക്ക് എടുക്കാൻ വന്ന ആളുകൾ മുറിതുറന്ന് നോക്കിയപ്പോഴാണ് ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കടമുറി പൂട്ടിയിട്ടു. ബുധനാഴ്ച വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് രാഹുൽ ഗാന്ധി എം.പിയുടെ മണ്ഡലം കൂടിയായ നിലമ്പൂർ ഉൾപ്പെട്ട വയനാട്. പ്രദേശത്തേക്ക് രാഹുൽ ഗാന്ധി വലിയ തോതിലുള്ള സഹായം എത്തിച്ചിരുന്നു. ഇത്തരത്തിൽ എത്തിയ സാധനങ്ങളാണ് കോൺഗ്രസ് നേതൃത്വത്തിന്റെ അനാസ്ഥ മൂലം ഉപയോഗ്യശൂന്യമായത്.

ഭക്ഷ്യധാന്യങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് കടമുറിയിൽ വിതരണം ചെയ്യാതെ കിടക്കുന്നത്. പാവങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റുകൾ പൂഴ്ത്തിവെച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം. ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു

വസ്തുക്കൾ പൂഴ്ത്തിവെച്ചത് തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യാനായിരുന്നുവെന്നും കോവിഡ് സമയത്ത് പോലും ഇവ വിതരണം ചെയ്യാനുള്ള ശ്രമമുണ്ടായില്ലെന്നും സിപിഎം ആരോപിക്കുന്നു.

ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും കിറ്റുകൾ വിതരണം ചെയ്യാൻ പ്രാദേശിക നേതൃത്വത്തെ ഏൽപ്പിച്ചിരുന്നുവെന്നും സംഭവം അന്വേഷിച്ച് വീഴ്ച്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റെ വി.വി പ്രകാശ് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!