കാഞ്ഞിരത്തിങ്കാൽ-കുണ്ടംകുഴി റോഡ് പണി ഇന്ന് പൂർത്തിയാകും

കുണ്ടംകുഴി: പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് കാഞ്ഞിരത്തിങ്കാലിനും കുണ്ടംകുഴിക്കും ഇടയിൽ ഒന്നാംഘട്ട ടാറിടലിനുശേഷമുള്ള ബിറ്റുമിൻ കോൺക്രീറ്റ് പണി വെള്ളിയാഴ്ച പൂർത്തിയാകും.
പണി സുഗമമാക്കുന്നതിന് ഇsവഴികളിലൂടെ തിരിച്ചുവിട്ട ഗതാഗതം വൈകീട്ടോടെ പുനഃസ്ഥാപിക്കും.
വ്യാഴാഴ്ച വൈകീട്ട് ബീംബുങ്കാൽവരെയാണ് പണി പൂർത്തിയായത്.
പള്ളത്തിങ്കാൽമുതൽ കാഞ്ഞിരത്തിങ്കാൽവരെയുള്ള പണി നിശ്ചയിച്ചതിലും നേരത്തെ വ്യാഴാഴ്ച ഉച്ചയോടെ പൂർത്തിയായതിനാലാണ് കാഞ്ഞിരത്തിങ്കാലിൽനിന്ന് കുണ്ടംകുഴിയിലേക്കുള്ള പണി തുടങ്ങിയത്.
പൊയിനാച്ചി-പെർളടുക്കം, പെർളടുക്കം-കുണ്ടംകുഴി എന്നിവിടങ്ങളിൽ രണ്ട് റീച്ചുകളായി ഇതിനകം ബിറ്റുമിൻ കോൺക്രീറ്റ് ചെയ്തിരുന്നു.
ഇതോടെ ചെമ്മനാട്, പള്ളിക്കര, ബേഡഡുക്ക പഞ്ചായത്തുകളിൽക്കൂടിയുള്ള 19 കിലോമീറ്റർ ദൈർഘ്യത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് പണി പൂർത്തിയാകും. ഇനി കുറ്റിക്കോൽ പഞ്ചായത്തിലാണ് പണി ശേഷിക്കുന്നത്.
പൊയിനാച്ചി, കുണ്ടംകുഴി, മുന്നാട് ടൗണുകളിലും ബേഡഡുക്ക താലൂക്കാസ്പത്രി, ബേഡകം പോലീസ് സ്റ്റേഷൻ, മുന്നാട് പീപ്പിൾസ് കോളേജ് എന്നിവയുടെ മുൻപിലും റോഡരികിലെ നടപ്പാതകൾ ഇന്റർലോക്ക് സ്ഥാപിക്കൽ വെള്ളിയാഴ്ച തുടങ്ങും. തിങ്കളാഴ്ച പൊയിനാച്ചിയിൽനിന്ന് സൂചനാബോർഡുകൾ സ്ഥാപിക്കും.

