ഭേദഗതി ആകാം; കര്‍ഷകര്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കാർഷിക നിയമത്തിൽ ഭേദഗതി ആകാമെന്ന് കേന്ദ്രസർക്കാർ. ഇതിനായി അഞ്ചിന ഭേദഗതി നിർദേശങ്ങളും കേന്ദ്രസർക്കാർ സമരക്കാർക്കു മുന്നിൽ വെച്ചു. സർക്കാരിന്റെ നിർദേശങ്ങളിൽ കൂടിയാലോചനകൾക്കു ശേഷം തീരുമാനമെടുക്കുമെന്ന് കർഷക സംഘടനകൾ പറഞ്ഞു. ഇന്നു നടത്താനിരുന്ന ചർച്ച റദ്ദാക്കിയതായും അവർ വ്യക്തമാക്കി.
കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാണ് ഏറ്റവും ഒടുവിലെ ചർച്ചകളിലും കർഷക സംഘടനകൾ എടുത്തിരുന്ന നിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കാനാവില്ലെന്നും ഭേദഗതികൾ കൊണ്ടുവരാം എന്നുമാണ് ഇപ്പോൾ സർക്കാർ പറയുന്നത്. അതിന്റെ ഭാഗമായി സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇവയാണ്-
- താങ്ങുവില നിലനിർത്തും എന്ന ഉറപ്പ് കർഷകർക്ക് എഴുതിനൽകും.
- ഭൂമിയിൽ കർഷകർക്കുള്ള അവകാശം നിലനിർത്തും.
- സർക്കാർ നിയന്ത്രിത കാർഷിക വിപണന ചന്തകൾ നിലനിർത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും.
- കാർഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും.
- കരാർ കൃഷി തർക്കങ്ങളിൽ കർഷകർക്ക് നേരിട്ട് സിവിൽ കോടതിയെ സമീപിക്കാം.
സർക്കാരിന്റെ നിർദേശങ്ങൾ ചർച്ചചെയ്യുന്നതിന് കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. തുടർന്ന് വൈകിട്ടോടെതന്നെ തീരുമാനം അറിയിക്കുമെന്നും കർഷകർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15-ഓളം കർഷകസംഘടനാ നേതാക്കൾ ചർച്ചനടത്തിയെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. കാർഷികനിയമങ്ങളിലെ ന്യായീകരണങ്ങൾ കേന്ദ്രം ആവർത്തിച്ചതിനാൽ വിഷയത്തിൽ ഇനി ചർച്ചയ്ക്കില്ലെന്ന് നേതാക്കൾ അറിയിച്ചിരുന്നു.

