സി.ബി.എസ്.ഇ. സ്കൂളുകളിലെ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം- ഹൈക്കോടതി

കൊച്ചി: സി.ബി.എസ്.ഇ. സ്കൂളുകളിലെ ഫീസ് നിർണയം പരിശോധിക്കാൻ സർക്കാർ സംവിധാനം വേണമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫീസ് നിർണയത്തിൽ ഇടപെടാൻ ആകില്ലെന്ന സി.ബി.എസ്.ഇ. നിലപാടിനോട് കോടതി അതൃപ്തി രേഖപ്പെടുത്തി.
സി.ബി.എസ്.ഇ. സ്കൂളുകളിലെ ഫീസ് നിർണയവും കുട്ടികളെ ഓൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കിയതും ഉൾപ്പെടെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് ഹൈക്കോടതി സി.ബി.എസ്.ഇ. മാനേജ്മെന്റിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്.
സ്കൂളുകളുടെ വരവു ചെലവു കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്കൂളുകളിൽ ഫീസ് നിർണയിക്കുന്നത് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമാണെന്നാണ് സി.ബി.എസ്.ഇ. കോടതിയിൽ വിശദീകരിച്ചത്.
ഫീസ് നിർണയത്തിൽ ഇടപെടാനാവില്ലെന്ന സി.ബി.എസ്.ഇ. നിലപാടിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിഷയത്തിൽ എന്തു ചെയ്യാനാകുമെന്ന് സർക്കാരിനോട് ചോദിച്ചു.
കോവിഡ് സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള തുക മാത്രമേ ഫീസ് ആയി വാങ്ങാവൂ എന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കിയിരുന്നു എന്നായിരുന്നു സർക്കാർ വിശദീകരിച്ചത്.
തുടർന്ന് ഇത് എങ്ങനെ നടപ്പാക്കും എന്നതടക്കം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. ബുധനാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

