തദ്ദേശ തെരഞ്ഞെടുപ്പ് ; കണക്കുകൂട്ടൽ തെറ്റുന്ന ജില്ലയിലെ 17 വാർഡുകൾ

കാഞ്ഞങ്ങാട് • ഉജ്ജ്വല പോരാട്ടം നടക്കുന്ന, ഫലം ഒട്ടും പ്രവചിക്കാനാവാത്ത ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ 17 എണ്ണമുണ്ട് ജില്ലയിൽ. ഈ വാർഡുകളിലെ ഭൂരിപക്ഷം പത്തിൽ താഴെയാണ്.
വാശിയേറിയ പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് മത്സരിച്ചവർ, പ്രതീക്ഷിച്ച ഭൂരിപക്ഷം തകിടംമറിഞ്ഞവർ, വിമതരും അപരരും സ്വതന്ത്രരും ഗോദയിലിറങ്ങിയപ്പോൾ കണക്കുകൂട്ടലുകൾ തെറ്റിയവർ. കഷ്ടിച്ച് രക്ഷപ്പെട്ടതോർക്കുമ്പോൾ അന്നത്തെ വിജയികൾക്ക് അനുഭവങ്ങളും പറയാനുണ്ടേറെ.
നല്ല ഭൂരിപക്ഷം പ്രതീക്ഷിച്ചവർക്ക് അത് കിട്ടിയില്ലെന്നുമാത്രമല്ല, ഫലം കീഴ്മേൽമറിഞ്ഞ് ഒട്ടും പ്രതീക്ഷയില്ലാത്തയാൾ വിജയിച്ച അനുഭവവുമുണ്ട്. കഴിഞ്ഞതവണ അടിപതറിയതിന് അതേ നാണയത്തിൽ തിരിച്ചടിക്കാൻ വിമതരെയും സ്വതന്ത്രരേയും നിർത്തി ഇക്കുറിയും പോരാട്ടം കനപ്പെടുത്തുമ്പോൾ, ചരിത്രം ആവർത്തിക്കുമോയെന്ന ആശങ്കയിൽ മുൾമുനയിലാകുന്നു സ്ഥാനാർഥികൾ.
ഒപ്പത്തിനൊപ്പം മൂന്നിടത്ത്; നറുക്കെടുപ്പിൽ എസ്.ഡി.പി.ഐ.യും
മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡായ മച്ചംപാടിയിൽ കഴിഞ്ഞതവണ ഒപ്പത്തിനൊപ്പമെത്തിയപ്പോൾ എസ്.ഡി.പി.ഐ. സ്ഥാനാർഥിക്ക് നറുക്കെടുപ്പിലൂടെ വിജയം. ഇക്കുറി ആയിഷത്തുൽ റുബീന യു.ഡി.എഫ്. സ്ഥാനാർഥിയായും ഖൈറുന്നിസ എൽ.ഡി.എഫ്. സ്വതന്ത്രയായും ഏറ്റുമുട്ടുമ്പോൾ, എസ്.ഡി.പി.ഐ. സ്വതന്ത്രയായി രംഗത്തെത്തിയ റുബീനയും പോരാട്ടത്തെ വീറും വാശിയുമുള്ളതാക്കുന്നു. മധൂരിലെ വാർഡ് 17 ഉളിയത്തടുക്കയിലും കഴിഞ്ഞതവണ വോട്ടുനില തുല്യമായിരുന്നു. അവിടെയും നറുക്കെടുപ്പ് വേണ്ടിവന്നു. ഭാഗ്യം സിദ്ധിച്ചത് ബി.ജെ.പി.ക്ക്. ഇക്കുറി കെ.രതീഷ് ആണ് ബി.ജെ.പി സ്ഥാനാർഥി. എൽ.ഡി.എഫിൽ സമദും യു.ഡി.എഫിൽ റഫീഖും ഏറ്റുമുട്ടുന്നു.
തൃക്കരിപ്പൂരിലെ ഒൻപതാം വാർഡായ കക്കുന്നത്തിൽ വോട്ട് സമനിലയിലായപ്പോൾ നറുക്കെടുപ്പിൽ എൽ.ഡി.എഫിന് ഭാഗ്യം. ഇക്കുറി എൽ.ഡി.എഫിൽ എ.കെ.സുജയും യു.ഡി.എഫിൽ പി.രേഖയും ബി.ജെ.പി.യിൽ എ.യമുനയുമാണ് മത്സരാർഥികൾ.
വൺ…ടു…ത്രീ=ആറ്
ഒരു വോട്ടിനും ഇരട്ടവോട്ടിനും മൂന്ന് വോട്ടിനും ജയിച്ച രണ്ടുവീതം വാർഡുകളാണ് കഴിഞ്ഞതവണ ഉണ്ടായിരുന്നത്. ഈ ആറ് വാർഡിൽ എൽ.ഡി.എഫും ബി.ജെ.പി.യും രണ്ടുവീതവും യു.ഡി.എഫ്. ഒരുസീറ്റും നേടി. ഒരെണ്ണം ജനാധിപത്യമുന്നണിക്കായിരുന്നു. ഇത് കള്ളാറിലെ പൂക്കയത്താണ്.
നാലാം വാർഡായ ഇവിടെ ഒരു വോട്ടിനാണ് ജനാധിപത്യമുന്നണി ജയിച്ചത്. ഇക്കുറി യു.ഡി.എഫിൽ വി.ജെ.ബീനയും എൽ.ഡി.എഫിൽ മിനി ഫിലിപ്പും മത്സരിക്കുന്നു. പൈവളികെയിലെ ചിപ്പാറാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മറ്റൊരു വാർഡ്. മൂന്നാം വാർഡായ ഇവിടെ യു.ഡി.എഫിൽ ആദംകുഞ്ഞിയും എൽ.ഡി.എഫിൽ അബ്ദുറസാഖും ബി.ജെ.പി.യിൽ അണ്ണുമൂല്യയും ഏറ്റുമുട്ടുന്നു. ഇതേ പഞ്ചായത്തിലെ 15-ാം വാർഡായ പറമ്പാലയിലെ ഭൂരിപക്ഷം രണ്ടുവോട്ട്. ബി.ജെ.പി.യാണ് ജയിച്ചത്. പാർട്ടിയുടെ ഇത്തവണത്തെ സാരഥി എ.ആർ.പ്രസാദ് റൈ ആണ്. എൽ.ഡി.എഫിൽ മനോഹര പീറ്ററും യു.ഡി.എഫിൽ അവിനാശ് മച്ചാദേയും മത്സരിക്കുന്നു. കുറ്റിക്കോലിലെ പാലാർ ആണ് രണ്ടുവോട്ടിന്റെ ഭൂരിപക്ഷമുള്ള മറ്റൊരു വാർഡ്. ബി.ജെ.പിക്കായിരുന്നു ജയം. ആറാംവാർഡായ ഇവിടെ ഇക്കുറി ബി.ജെ.പി.യിലെ പി.ജി.വിജയകുമാറും യു.ഡി.എഫിലെ കൃഷ്ണപ്രസാദും എൽ.ഡി.എഫിലെ അരവിന്ദാക്ഷനും ഏറ്റുമുട്ടുന്നു. ചെമ്മനാട്ടെ ആറാം വാർഡായ ബന്താട്ട് യു.ഡി.എഫ്. ജയിച്ചത് മൂന്നു വോട്ടിന്. ഇക്കുറി യു.ഡി.എഫിൽ ഷംസുദ്ദീൻ തെക്കിലും എൽ.ഡി.എഫിൽ ഇബ്രാഹിം കല്ലടയും. ബി.ജെ.പി.യിൽ കെ.കൃഷ്ണയും മത്സരിക്കുന്നു. പിലിക്കോട്ടെ വാർഡ് 11 കാലിക്കടവിൽ എൽ.ഡി.എഫ്. ജയിച്ചത് മൂന്ന് വോട്ടിന്. ഇക്കുറി ഈ മുന്നണിയിൽ രേഷ്ണയും യു.ഡി.എഫിൽ സിമി കെ. കൃഷ്ണനുമാണ് മത്സരാർഥികൾ.
ഏഴിൽ പൊലിഞ്ഞത് രണ്ടിടത്ത്
മംഗൽപ്പാടിയിലെ 19-ാം വാർഡിൽ ഏഴ് വോട്ടിനാണ് ബി.ജെ.പി.യോട് യു.ഡി.എഫ്. സ്ഥാനാർഥി പരാജയപ്പെട്ടത്. ഇക്കുറി ബി.ജെ.പി.യിൽ എം.രേവതിയും യു.ഡി.എഫിൽ കുസമയുമാണ് സ്ഥാനാർഥികൾ. പുല്ലൂർ പെരിയയിലെ മൂന്നാം വാർഡായ കൂടാനത്ത് എൽ.ഡി.എഫ്. വിജയിച്ചതും ഏഴു വോട്ടിന്. ഈ മുന്നണിക്ക് ഇക്കുറി എം.നളിനിയാണ് ഗോദയിലെത്തിയത്. എ.കാർത്യായന യു.ഡി.എഫിന്റെയും പി.ജയശ്രീ ബി.ജെ.പി.യുടെയും സ്ഥാനാർഥികളാണ്.
എട്ടിൽ പൊട്ടിയത് അഞ്ചിടത്ത്
ബദിയടുക്ക വാർഡ് രണ്ട് നീർച്ചാലിൽ കഴിഞ്ഞതവണ എട്ട് വോട്ടിന് തോൽപ്പിച്ച് ബി.ജെ.പി. വിജയം കൊയ്തു. ഇക്കുറി ബി.ജെ.പി.യിലെ വിനിതയും എൽ.ഡി.എഫിലെ എ.എൽ.ജയശ്രീയും യു.ഡി.എഫിലെ പി.ജയശ്രീയും മാറ്റുരക്കുന്നു. എട്ട് വോട്ടിന് യു.ഡി.എഫ്. ജയിച്ച കള്ളാറിലെ 10-ാം വാർഡായ രാജപുരത്ത് മത്സരിക്കുന്നത് വനജ ഐത്തു (യു.ഡി.എഫ്.), ബിന്ധു രാജു (എൽ.ഡി.എഫ്.), തുളസി (ബി.ജെ.പി.)എന്നിവരാണ്. മീഞ്ച മജിബെയിൽ വാർഡിൽ ബി.ജെ.പി.യാണ് എട്ടു വോട്ടിന് ജയിച്ചത്.
യു.ഡി.എഫിലെ സറീനയും എൽ.ഡി.എഫിലെ വൈശാലിയും ബി.ജെ.പി.യിലെ ബി.എം.ആശാലതയും ഇക്കുറി ഏറ്റുമുട്ടുന്നു. യു.ഡി.എഫ്. എട്ടുവോട്ടിന് ജയിച്ച മൊഗ്രാൽപൂത്തൂരിലെ വാർഡ് പത്ത് ഏരിയാലിൽ റാഫി (യു.ഡി.എഫ്.)യും സഫറുദ്ദീ(എൽ.ഡി.എഫ്.)നും നേർക്കുനേർ മാറ്റുരയ്ക്കുന്നു. പനത്തടിയിലെ മൂന്നാം വാർഡായ ചാമുണ്ഡിക്കുന്നിലും എട്ട് തന്നെയാണ് ഭൂരിപക്ഷം.
ഇക്കുറി യശോദ വിജയനെ ഇടതുപക്ഷം ഗോദയിലിറക്കിയപ്പോൾ സിന്ധു പ്രസാദിനെ യു.ഡി.എഫ്സ്ഥാനാർഥിയാക്കി. കെ.എസ്.പ്രീതിയാണ് ബി.ജെ.പി.യുടെ സാരഥി.
നെല്ലിക്കട്ടയിലെ വിമതന് ഭാഗ്യനമ്പർ 9
ചെങ്കള മൂന്നാം വാർഡായ നെല്ലിക്കട്ടയിൽ യു.ഡി.എഫിന് വിമതനായിറങ്ങി ഒൻപതിൽ ഭാഗ്യംകൊയ്ത പഞ്ചായത്തംഗമുണ്ട്. നാസർ കാട്ടുകൊച്ചി. ഒൻപത് വോട്ടിന്റെ ഭൂരിപക്ഷം നേടി നാസർ വിജയിച്ചപ്പോൾ മുസ്ലിം ലീഗിന്റെ കോട്ടയ്ക്കേറ്റ വിള്ളൽ എന്നായിരുന്നു രാഷ്ട്രീയ നേതാക്കൾ പറഞ്ഞത്.
ഇക്കുറി അൻഷിഫ അർഷാദ് യു.ഡി.എഫ്. സ്ഥാനാർഥിയായി രംഗത്തിറങ്ങി വാർഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. എൽ.ഡി.എഫ്. സ്ഥാനാർഥി യമുന രാധാകൃഷ്ണനും ബി.ജെ.പി.യിലെ കെ.രജിതയും കനത്ത പോരാട്ടം കാഴ്ചവെക്കുന്നു.

