KSDLIVENEWS

Real news for everyone

വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തുന്നവർ കോവിഡ് പരിശോധന നടത്തണം- ജില്ലാ കളക്ടർ

SHARE THIS ON

കാസർഗോഡ് • ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും വോട്ട് ചെയ്യാനെത്തുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് കളക്ടർ ഡോ. ഡി. സജിത്ത് ബാബു അഭ്യർഥിച്ചു. ജില്ലാതല കൊറോണ കോർകമ്മിറ്റി യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ഒരു ഉത്തരവല്ല. വിനയപൂർവമുള്ള അപേക്ഷയാണ്. പൊതുജനങ്ങളുടെയും ജില്ലാ ഭരണസംവിധാനത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിൽ കോവിഡ് പ്രതിരോധത്തിൽ ജില്ല കൈവരിച്ച നേട്ടം കൈമോശം വരാതിരിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം’- കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നത് തുടരണമെന്നും കളക്ടർ കൂട്ടിച്ചേർത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ പ്രിസൈഡിങ് ഓഫീസർക്കും ഫസ്റ്റ് പോളിങ് ഓഫീസർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ളവർ ബൂത്തുകളിലേക്ക് യാത്ര ചെയ്യുന്നതിന് സജ്ജീകരിച്ച വാഹനത്തിൽ ഇരിക്കണം. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് മൊബൈൽ ടെസ്റ്റിങ് സൗകര്യമേർപ്പെടുത്തും. പോളിങ് ദിവസം കാസർകോട്ടുനിന്ന് ബോവിക്കാനത്തേക്കും കാഞ്ഞങ്ങാട്ടുനിന്ന് പരപ്പയിലേക്കും കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. ആരോഗ്യ പ്രവർത്തകർക്ക് തപാൽ വോട്ട് അനുവദിക്കുന്നത് പരിഗണിക്കുമെന്നും കളക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 മുതൽ ജനുവരി അഞ്ചുവരെ പെരിങ്ങോം സി.ആർ.പി.എഫിന് ഔട്ട് ഡോർ ട്രെയിനിങ് ജംഗിൾ ക്യാമ്പ് ചീമേനി എസ്റ്റേറ്റിൽ സംഘടിപ്പിക്കുന്നതിനു അനുമതി നൽകി. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, എ.ഡി.എം. എൻ. ദേവിദാസ്, സബ് കളക്ടർ ഡി.ആർ. മേഘശ്രീ, ഡി.ടി.ഒ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!