കോവിഡ് പ്രോട്ടോക്കാൾ പാലിക്കാത്ത തട്ടുകടകൾ എടുത്തു മാറ്റാൻ ഉത്തരവ്

കാഞ്ഞങ്ങാട്: കൊവിഡ് പ്രോട്ടോക്കാള്‍ പാലിക്കാത്ത തട്ടുകടകള്‍ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു മാറ്റാന്‍ കളക്ടറുടെ ഉത്തരവ്. ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്ക്കെതിരെയാണ് കളക്ടറുടെ കടുത്ത നിര്‍ദ്ദേശം. തട്ടുകടകളില്‍ ഭക്ഷണം പാര്‍സലായി നല്‍കണമെന്നും ഇരുത്തി കഴിപ്പിക്കരുത് എന്നുമായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു വരുന്ന തട്ടുകടകള്‍ പൊളിച്ചുനീക്കാനാണ് നിര്‍ദ്ദേശം.
ഉത്തരവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആരോഗ്യ വകുപ്പിനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മാഷ് ടീമിനുമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.തട്ടുകടകളിലെ ജീവനക്കാര്‍ കൈയുറയും മാസ്കും നിര്‍ബന്ധമായും ധരിച്ചിരിക്കണം. പതിനാല് ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് കടയില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ആവശ്യമായ സഹകരണം നല്‍കുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്തു സെക്രട്ടറിമാര്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

