തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന കെ . സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

തിരുവന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ഇതിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്ന സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും സ്പീക്കര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ പരിചയമുണ്ടെന്നും അറിയില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലും അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല.അതൊരു വീഴ്ചയാണെന്ന് സമ്മതിക്കാം. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും അവര്‍ സഹായമൊന്നും ചോദിച്ചിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തന്റെ വിദേശയാത്രയില്‍ ഒരിക്കല്‍ പോലും സ്വപ്ന ഒപ്പമുണ്ടായിരുന്നില്ല. വിദേശത്ത് വച്ച് അവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. ചെലവ് ചുരുക്കാനാണ് ഇ വിധാന്‍ സഭ എന്ന ആശയം കൊണ്ടുവന്നത്. ഇ വിധാന്‍ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്ട്. ഏകപക്ഷിയമായല്ല സ്പീക്കര്‍ തീരുമാനം എടുത്തത്. ഒന്നിനും ഒരു ഒളിവും മറവും വച്ചിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു

