KSDLIVENEWS

Real news for everyone

തദ്ദേശ തിരഞ്ഞെടുപ്പ്:
കോവിഡ് ബാധിതർക്കുള്ള വോട്ടിംഗ് അവസരത്തോടെ
രണ്ടാംഘട്ടം അവസാനിച്ചു ; 76 ശതമാനം പോളിങ്

SHARE THIS ON

തിരുവനന്തപുരം: കോവിഡ് കാലത്തും ആവേശം തെല്ലും ചോരാതെ തദ്ദേശ തിരഞ്ഞെടുപ്പ്. രണ്ടാംഘട്ട പോളിങ് നടന്ന വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 76.38 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. ഡിസംബർ എട്ടിന് നടന്ന ആദ്യഘട്ടത്തിൽ 72.67 ശതമാനം പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെ പൊതുവായും ആറുമണി മുതൽ ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമാണ് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കിയത്.
വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം, കോട്ടയം-73.91%, എറണാകുളം-77.13%, തൃശൂർ -75.03%, പാലക്കാട്-77.97%, വയനാട്- 79.46% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. കൊച്ചി, തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനുകളിൽ 62.01%, 63.77% പോളിങ്ങും രേഖപ്പെടുത്തി.

ആറുമണി കഴിഞ്ഞും ചില പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടർന്ന് ഇവർക്ക് ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം നൽകി.
47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിരുന്നു.
ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, രമ്യ നമ്പീശൻ, മണികണ്ഠൻ ആചാരി തുടങ്ങിയവരും സമ്മതിദാന അവകാശം രേഖപ്പെടുത്തി. എന്നാൽ വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!