കര്‍ഷക സമരം ; സംഘടനകളുടെ അന്ത്യശാസനം കേന്ദ്രം തള്ളി ; ഇനി തീവണ്ടി തടയുമെന്ന് നേതാക്കള്‍

ന്യൂഡൽഹി: ഡിസംബർ പത്തിനകം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന അന്ത്യശാസനം നൽകിയിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ അത് ചെവിക്കൊണ്ടില്ലെന്ന് കർഷക സംഘടനകൾ. പത്തിനകം കാർഷിക നിയമങ്ങൾ പിൻവലിക്കാത്തപക്ഷം തീവണ്ടി തടയുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് കർഷക നേതാവ് ബൂട്ടാ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അന്ത്യശാസനം തള്ളിയ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ തീവണ്ടി തടയാൻ ട്രാക്കുകളിൽ ഇറക്കാനാണ് കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചിട്ടുള്ളത്. സംയുക്ത കിസാൻ മഞ്ച് തീവണ്ടി തടയലിന്റെ സമയം നിശ്ചയിച്ചശേഷം പ്രഖ്യാപനം നടത്തുമെന്നും ബൂട്ടാ സിങ് പറഞ്ഞു.
കച്ചവടക്കാർക്ക് വേണ്ടിയാണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് കേന്ദ്ര സർക്കാർതന്നെ വ്യക്തമാക്കിയിരിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിങ് രജേവാൾ പറഞ്ഞു. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ ഇത്തരത്തിലുള്ള നിയമം കൊണ്ടുവരാൻ കേന്ദ്രത്തിന് എന്ത് അധികാരമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
തങ്ങൾ മുന്നോട്ടുവച്ച 15 ആവശ്യങ്ങളിൽ 12 ഉം കേന്ദ്ര സർക്കാർ അംഗീകരിക്കുന്നു എന്നുവച്ചാൽ കാർഷിക നിയമങ്ങൾ ശരിയായ രീതിയിലുള്ളതല്ല എന്നാണ് അതിന്റെ അർഥമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. പിന്നെ എന്തുകൊണ്ട് നിയമം പിൻവലിച്ചുകൂടാ. താങ്ങുവില സംബന്ധിച്ച ഒരു നിയമം വേണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ അവർ ഓർഡിനൻസിലൂടെ മൂന്ന് നിയമങ്ങൾ പാസാക്കി. അവ പിൻവലിക്കുന്നതുവരെ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നിരവധി തവണ ചർച്ച നടത്തിയിരുന്നുവെങ്കിലും സമവായം ഉണ്ടായില്ല. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും അതിലും കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കർഷക സംഘടനകൾ ഉറച്ചുനിന്നു. ഇതിനുശേഷം കേന്ദ്ര സർക്കാർ ഉറപ്പുകൾ എഴുതി നൽകിയെങ്കിലും അതും സംഘടനകൾ തള്ളുകയാണ് ഉണ്ടായത്

