തിരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് സുനാമിയാവും -പി.കെ.കുഞ്ഞാലിക്കുട്ടി

ബോവിക്കാനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇടതുകോട്ടകൾ തകരുന്ന സുനാമിയായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.
മുളിയാർ മാസ്തിക്കുണ്ടിൽ നടന്ന നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കൾ അങ്കലാപ്പിലും അണികൾ ആശയക്കുഴപ്പത്തിലും പെട്ട് നട്ടംതിരിയുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാൻപോലും പറ്റാത്ത വിധം മുഖം നഷ്ടപ്പെട്ട സി.പി.എം. പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
ന്യൂനപക്ഷത്തോടൊപ്പം കർഷകരെയും കൊന്നൊടുക്കുന്ന മോദിസർക്കാർ രാജ്യത്തെ ശിഥിലമാക്കിയതായും അദ്ദേഹം പറഞ്ഞു. എം.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. സി.ടി.അഹമ്മദലി, ടി.ഇ.അബ്ദുല്ല, ഹക്കിം കുന്നിൽ, എ.അബ്ദുൽറഹിമാൻ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുന്നുംകൈ, പെരിയ ബാലകൃഷ്ണൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എം.സി.പ്രഭാകരൻ, വി.കെ.പി.ഹമീദലി, എം.കുഞ്ഞമ്പു നമ്പ്യാർ, ബി.സി.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

