KSDLIVENEWS

Real news for everyone

പോളിങ്‌ ശതമാനം വിരൽത്തുമ്പിൽ ; കൃത്യമായ ഇടവേളകളിൽ ‘ പോൾ മാനേജർ മൊബൈൽ ആപ്പി ‘ ലൂടെ

SHARE THIS ON

കാസർഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ കൃത്യമായ ഇടവേളകളിൽ എല്ലാ ബൂത്തുകളിലെയും വോട്ടിങ്‌ ശതമാന വിവരം പോൾ മാനേജർ മൊബൈൽ ആപ്ലിക്കേഷനിലൂടെ തത്സമയം ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ വേഗത്തിൽ ജില്ലാതലത്തിൽ ലഭ്യമാക്കാനാണ് ഈ സംവിധാനം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്. വോട്ടെടുപ്പ് ദിവസവും അതിന് തലേന്നുമാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുക. വോട്ടിങ്‌ യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതു മുതൽ വോട്ടെടുപ്പ് കഴിഞ്ഞ് തിരിച്ചേൽപ്പിക്കുന്നതുവരെയുള്ള എല്ലാ വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്തും.
വോട്ടെടുപ്പ് ദിവസം കൃത്യമായ ഇടവേളകളിൽ എല്ലാ ബൂത്തുകളിൽ നിന്നും വോട്ടിങ്‌ ശതമാനം ആപ്പിലൂടെ ഉദ്യോഗസ്ഥർക്ക് നൽകാം. മുൻകൂട്ടി നിശ്ചയിച്ച 21 ചോദ്യാവലികളാണ് ആപ്പിലുള്ളത്. ഇതിലൂടെ പോളിങ്‌ സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ പുറപ്പെട്ട് തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തും.
പ്രിസൈഡിങ്‌ ഓഫീസർ, ഫസ്റ്റ് പോളിങ്‌ ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കാണ് ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി. നമ്പർ ഉപയോഗിച്ചാണ് ആപ്പ് ഓപ്പൺ ചെയ്യുന്നത്. ബൂത്തുകളിലേക്ക് പുറപ്പെടുംമുൻപ് ഉദ്യോഗസ്ഥർക്ക് നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ ലഭിക്കും. ജില്ലാതല നോഡൽ ഓഫീസർമാർക്കാണ് പോൾ മാനേജർ ആപ്പ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കേണ്ട ചുമതല. ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!