ചിഹ്നത്തിനു പുറമേ പേരിന്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി

കൊച്ചി∙ കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് പി ജെ ജോസഫിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ തിരുത്ത്. കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരില്‍ ചെണ്ട പൊതു ചിഹ്നമായി അനുവദിക്കണമെന്നു പി.ജെ. ജോസഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഇത് കോടതി അനുവദിക്കുകയും ചെയ്തിരുന്നു .
എന്നാല്‍ ഇതിനു പിന്നാലെ ജോസ് കെ. മാണി വിഭാഗം ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറങ്ങിയത്. കേരള കോണ്‍ഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പു കമ്മിഷന് അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ചിഹ്നത്തിനു പുറമേ പേരിന്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതേസമയം, ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല.

